chettichal
ചെട്ടിച്ചാൽ പാടശേഖരത്തിൽ 18 ഇനം വിത്തുകൾ വിളവിറക്കുന്നതിന് നിലമൊരുക്കുന്നു

കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ ചെട്ടിച്ചാൽ പാടശേഖരത്തിൽ 18 ഇനം നെൽവിത്തുകൾ കൃഷി ഇറക്കാൻ നിലമൊരുങ്ങുന്നു. പുതുക്കാട് ജൈവ വൈവിധ്യത്തിന്റെ ഭാഗമായാണ് വിവിധയിനം വിത്തുകൾ വിളവിറക്കാൻ പദ്ധതി തയ്യാറാക്കിയത്. കർഷകരെ പരമ്പരാഗത കൃഷിരീതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പണ്ട് കാലങ്ങളിൽ വ്യാപകമായി കൃഷിചെയ്തിരുന്നതും എന്നാൽ അന്യം നിന്ന് പോയതും നല്ല വിളവ് ലഭിക്കുന്നതുമായ വിത്തുകളാണ് പദ്ധതിയിലൂടെ വിളവിറക്കുന്നത്. മട്ട ചെമ്പൻ, കറുത്ത ഞവര, ചേനെല്ല്, കുഞ്ഞ് കുഞ്ഞ്, നാടൻ കുറുവ, ചെമ്പാവ്, കൃഷ്ണകമോദ്, രക്തശാലി, ആര്യൻ കൈമ, ഉണ്ട കുറുവ, കുറുവ, വെളുത്ത ഞവര, ഉണ്ട ചെമ്പൻ, ചെറുവെള്ളരി, ചെങ്കഴമ, കട്ടമോടൻ, നേച്ചീര, തവള കണ്ണൻ തുടങ്ങി 18 ഇനം വിത്തുകളാണ് കൃഷി ഇറക്കുന്നത്.

പത്ത് ഹെക്ടറുള്ള പാടശേഖരത്തിലെ രണ്ട് ഏക്കർ സ്ഥത്താണ് വിവിധ നെൽവിത്തുകൾ വിളവിറക്കുന്നത്. പ്രളയം വന്നാലും കൃഷി വെള്ളത്തിൽ മുങ്ങില്ലെന്ന പ്രതീക്ഷയിലാണ് ചെട്ടിച്ചാൽ പാടശേഖരം തെരഞ്ഞെടുത്തത്. ആറ് കർഷകരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വിളവിറക്കുന്നത്. പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും സബ്‌സിഡി ഫണ്ടുകൾ കൃഷിക്ക് ലഭിക്കും. വെള്ളാനിക്കര ഹോർട്ടികൾച്ചർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി കോളേജിലെ സീഡ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ നിന്നാണ് കൃഷിഭവൻ മുഖാന്തരം വിത്തുകൾ ലഭിച്ചത്. അടുത്ത ആഴ്ചയിൽ വിത്ത് വിതക്കുമെന്ന് അധികൃതർ അറിയിച്ചു.