ചാലക്കുടി: ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരം കനത്ത ആശങ്കയിലായി. ഇതേ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടിച്ചിടാൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് വൈറസ് ബാധ കണ്ടെത്തി. ഇതോടെ ഡിപ്പോ അടച്ചിട്ടു. കുടുംബശ്രീ പ്രവർത്തക, ചുമട്ടു തൊഴിലാളി, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾ, പൊതു പ്രവർത്തകൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. റാപ്പിഡ് ടെസ്റ്റിന് വിധേയരായവരാണ്. ഡിപ്പോ ജീവനക്കാർ നിരവധി പേരുമായി സമ്പർക്കം പുലർത്തിയെന്നാണ് പ്രഥമിക വിവരം. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഹൗസിംഗ് കോളനിയിലെ വ്യക്തിയൊഴിച്ച് മറ്റുളളവരും സമ്പർക്കമുണ്ടാക്കിയിട്ടുണ്ട്. സെന്റ് ജെയിംസ് ആശുപത്രി ഭാഗം മുതൽ, ചാലക്കുടി പുഴമ്പാലം വരെയുള്ള കടകളാണ് അടയ്ക്കുക. മാർക്കറ്റ് റോഡും ഇതിൽപ്പെടും. മറ്റു നടപടികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ലോക്ക് ഡൗണിനെ ആശ്രയിച്ചിരിക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു.