migrant

തൃശൂർ: അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ തുടങ്ങിയതോടെ ഇവർക്കിടയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം കർശനമാക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നതിന്റെ തെളിവാകുകയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ 15 പേർക്കുണ്ടായ രോഗബാധ. ജൂലായ് ഒമ്പതിന് ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിയ 14 പേർക്കും ഒരു ഉത്തർപ്രദേശ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ച് പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്.

മാർഗനിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെയും മുന്നറിയിപ്പ്. തൊഴിലാളികൾ കേരളത്തിലെത്തുന്ന ദിവസം കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിൽ സ്ഥിരീകരിക്കുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ 14 ദിവസം കർശനമായും ഒരു മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണ കാലാവധി പൂർത്തിയായതും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായതുമായ അന്യസംസ്ഥാന തൊഴിലാളിക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. പുത്തൂർ പാർക്കിൽ നിർബന്ധിത ക്വാറന്റൈനിൽ താമസിപ്പിച്ച് ഇവരെ വേർതിരിച്ചറിയുന്നതിനായി കൈയിൽ പ്രത്യേക ടാഗ് നൽകാനായിരുന്നു നിർദ്ദേശം.

തൊഴിലാളികളുടെ നീക്കം ശ്രദ്ധിക്കുന്നതിനായി രണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും മെയിൻ ഗേറ്റുകൾ ഒഴികെയുള്ള മറ്റു പ്രവേശന സാദ്ധ്യതയുള്ള സ്ഥലം അടക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഫോറസ്റ്റ് എയ്ഡ് പോസ്റ്റ് ഉണ്ടാക്കാനും തീരുമാനിച്ചിരുന്നു.

തൊഴിലുടമകളും ഏജന്റും ചെയ്യേണ്ടത്

തൊഴിലാളികളുടെ വിവരം ആരോഗ്യ, തൊഴിൽ, ഫിഷറീസ് വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കണം.

തൊഴിലാളികൾക്ക് ഭക്ഷണവും നിരീക്ഷണത്തിൽ കഴിയാനുള്ള താമസ സൗകര്യവും ഏർപ്പെടുത്തണം.

തൊഴിലാളികളുടെ വിവരം പ്രദേശത്തെ സർക്കാർ ആശുപത്രിയിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ നൽകണം.

തൊഴിലാളികളെ തേടി പാടശേഖരങ്ങൾ

ഈ മാസം പകുതിയോടെ രണ്ടാം വിളയായ മുണ്ടകൻ കൃഷിക്കുള്ള ഒരുക്കം തുടങ്ങിയതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. നിലം ഒരുക്കലും ഞാറ്റടി തയ്യാറാക്കലുമാണ് മുണ്ടകനിലെ ആദ്യഘട്ടം. അടുത്ത രണ്ട് മാസങ്ങളിലായാണ് വിത്തിറക്കുന്നത്. ഇതിനുശേഷം നടീൽ ഉൾപ്പെടെയുള്ള പണികളും തുടങ്ങും. തമിഴ്‌നാട്, ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് സംസ്ഥാനത്തെ നടീൽ പ്രവൃത്തികളിൽ ഭൂരിഭാഗവും ചെയ്തിരുന്നത്.

.....................

അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ ദൗത്യവുമായി ആയുഷ് വകുപ്പ് ആരംഭിച്ച പദ്ധതി 'ആയുർ രക്ഷ'യുടെ ഭാഗമായി പ്രതിരോധ പ്രവർത്തനം കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നു. പ്രതിരോധശേഷി കൂട്ടാനുളള ആയുർവേദ മരുന്ന് കഴിക്കാൻ തയ്യാറുള്ള ക്വാറന്റൈനിലുള്ളവർക്ക് അത് ലഭ്യമാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും വഴി ആയുർവേദ ഡിസ്പെൻസറികളിലെ മെഡിക്കൽ ഓഫീസർമാർ മരുന്നുകൾ നൽകും

ഡോ. പി.ആർ. സലജകുമാരി,

ജില്ലാ മെഡിക്കൽ ഓഫീസർ

ഭാരതീയ ചികിത്സാവകുപ്പ്