smpb
'രോഗപ്രതിരോധത്തിന് ഗൃഹൗഷധികൾ' ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഔഷധസസ്യബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.വി. ഉത്തമൻ, മേയർ അജിത ജയരാജന് ഔഷധസസ്യകിറ്റ് നൽകി നിർവഹിക്കുന്നു

തൃശൂർ: ഔഷധസസ്യങ്ങൾ വീടുകളിൽ വ്യാപകമാക്കി രോഗപ്രതിരോധം കരുത്തുറ്റതാക്കാൻ സംസ്ഥാന ഔഷധസസ്യ ബോർഡ് വിതരണം ചെയ്യുന്നത് മുപ്പതിനായിരം ഗൃഹൗഷധികൾ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന തുളസി, മഞ്ഞൾ, ഇഞ്ചി, കിരിയാത്ത്, പനിക്കൂർക്ക, തിപ്പലി, കുരുമുളക്, ആര്യവേപ്പ്, ആടലോടകം, ചിറ്റമൃത് തുടങ്ങിയവയാണ് 'രോഗപ്രതിരോധത്തിന് ഗൃഹൗഷധികൾ' പദ്ധതിയിലൂടെ നൽകാൻ തുടങ്ങിയത്. ഓരോ കോർപറേഷനിലും ആയിരം കുടുംബങ്ങൾക്ക് ഏതെങ്കിലും അഞ്ച് ഇനം തൈകളാണ് ലഭ്യമാക്കുക.

അഞ്ച് സോണുകളിലായി 200 തൈകൾ വീതം ഒരു കോർപറേഷനിൽ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും ഉടൻ വിതരണം പൂർത്തിയാക്കും. ചെടികൾ ആവശ്യമുളളവരെ കൗൺസിലർമാർ വഴിയാണ് കണ്ടെത്തുക. ദേശീയ ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര, സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണിത്. ലോക പരിസ്ഥിതിദിനത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ സംസ്ഥാനതലത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാലമായതിനാൽ ചെടികളുടെ വിതരണം തുടങ്ങാനായില്ല. തൃശൂരിൽ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഔഷധ സസ്യബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.വി. ഉത്തമൻ, മേയർ അജിത ജയരാജന് ഔഷധസസ്യകിറ്റ് നൽകി നിർവഹിച്ചു.


തൈകൾ ലഭ്യമാക്കുന്നത്

ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, തിരുവനന്തപുരം

ഔഷധി, തൃശൂർ

മറ്റത്തൂർ ലേബർ സൊസൈറ്റി

ലക്ഷ്യങ്ങൾ:

ഔഷധസസ്യങ്ങൾ വീടുകളിൽ നട്ടുവളർത്തുന്നതിലൂടെ, നിത്യജീവിതത്തിൽ ഗൃഹൗഷധികളുടെ ഉപയോഗം ശീലമാക്കുക.

പ്രകൃതിദത്ത രോഗപ്രതിരോധം സ്വയം ആർജിച്ചെടുക്കുക.

ഔഷധസസ്യകൃഷിക്ക് ധനസഹായവും

2020-21 സാമ്പത്തികവർഷത്തിൽ സംസ്ഥാന ഔഷധസസ്യബോർഡ്, ഒൗഷധസസ്യകൃഷി പരിപോഷിപ്പിക്കുന്നതിനായി ധനസഹായം ലഭിക്കാൻ പദ്ധതികളും സമർപ്പിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒൗഷധസസ്യകൃഷി (കർഷകർ, കർഷകസംഘങ്ങൾ, സൊസൈറ്റികൾ, കുടുംബശ്രീകൾ, സഹകരണസംഘങ്ങൾ) നഴ്സറി, ഒൗഷധസസ്യഗവേഷണം, സംരക്ഷണം തുടങ്ങിയവയ്ക്ക് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ പഞ്ചായത്തുകൾ, മരുന്ന് നിർമ്മാണകമ്പനികൾ എന്നിവയ്ക്ക് പദ്ധതികൾ സമർപ്പിക്കാം. ആഗസ്റ്റ് 15 ആണ് അവസാനതിയതി. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: http://www.smpbkerala.org

..........

പ്രാരംഭപദ്ധതി എന്ന നിലയ്ക്കാണ് കോർപറേഷനുകളിൽ നടപ്പാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ജനങ്ങൾ ഔഷധസസ്യങ്ങളോട് താൽപ്പര്യപ്പെടുന്നതുകൊണ്ടു തന്നെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.


- കെ.വി. ഉത്തമൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യബോർഡ്