തൃശൂർ: മാസ്‌കുകൾ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിനും വിമുഖത കാണിക്കരുതെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. ആരെയെങ്കിലും ഭയപ്പെട്ടല്ല മാസ്‌ക് ധരിക്കേണ്ടത്. കുട്ടികൾ കൂട്ടംകൂടി കളികളിൽ ഏർപ്പെടുന്നതായി കാണുന്നു. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. തെരുവ് കച്ചവടങ്ങളിലും ജനങ്ങൾ സ്വയം നിയന്ത്രിക്കണം. വൈറസ് വ്യാപനം അദൃശ്യമായി നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് ഓരോ പൗരനും ഉണ്ടാകണം. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലുള്ളവരെയും പൊലീസിനേയും യോഗം അഭിനന്ദിച്ചു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ പ്രമേയം അവതരിപ്പിച്ചു. എല്ലാ യോഗങ്ങളും ഓൺലൈനായി നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ജെ. റീന അഭ്യർത്ഥിച്ചു. അസുഖം ഉള്ളവരും 60 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ശ്രദ്ധയോടെയിരിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ട്രീറ്റ്മെൻ്റ് സെന്ററുകൾ
എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ (സി.എഫ്.എൽ.ടി.സി) തുടങ്ങും. ഏറ്റവും കൂടുതൽ കിടക്കകളുള്ളതും ഏറ്റവും സൗകര്യമുള്ളതുമായ സ്ഥലങ്ങളിലാണ് ആദ്യം സി.എഫ്.എൽ.ടി.സി തുടങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെയാണ് സി.എഫ്.എൽ.ടി.സി തുടങ്ങുന്നതിനായി നിശ്ചയിക്കുന്നത്. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഇതിനായി പൂൾ ഉണ്ടാക്കി.
ആയുർവേദം, ഹോമിയോ വകുപ്പുകളിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഈ പൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നാല് സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്. ഒരു സി.എഫ്.എൽ.ടി.സിയിൽ നാല് ഡോക്ടർമാരും എട്ട് സ്റ്റാഫ് നഴ്സും ആറ് നഴ്സ് ഗ്രേഡ്-രണ്ടും രണ്ട് നഴ്സിംഗ് അസിസ്റ്റൻറും ഒരു ഡാറ്റ എൻട്രി ഓപ്പറേറ്ററും രണ്ട് സെക്യൂരിറ്റി ജീവനക്കാരും വേണം. ഓൺലൈൻ യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, പ്രൊഫ. കെ.യു. അരുണൻ, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, കെ.വി. അബ്ദുൽഖാദർ, യു.ആർ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു..