തൃശൂർ: പ്ലസ് വൺ പ്രവേശനം ലളിതമാക്കാൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുമായി ജില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈനായി വീടുകളിൽ ഇരുന്ന് പ്രവേശന നടപടി പൂർത്തിയാക്കാം. പ്രവേശന നടപടികൾ ആരംഭിക്കുന്ന ദിവസം മുതൽ ആപ്പിന്റെ സേവനം പ്‌ളേ സ്റ്റോറിൽ ലഭ്യമാകും. 'NSSHELPDESK' എന്ന പേരിലാണ് പ്ലേസ്റ്റോറിൽ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പ്ലസ് വൺ പ്രവേശന നടപടികൾക്കായി ഇത്തരം ഒരു ആപ്പ് തയ്യാറാക്കുന്നത്. നാഷണൽ സർവീസ് സ്‌കീം അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ റസ്സൽ ഗോപിനാഥനാണ് ഈ ആപ്പ് തയ്യാറാക്കിയത്.
ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌കൂൾ സെർച്ച്, കോഴ്സ് സെർച്ച്, ലോക്കൽ ബോഡി സെർച്ച് എന്നിവ എളുപ്പത്തിൽ സാദ്ധ്യമാകും. ജില്ലയിലെ 168 സ്‌കൂളുകളിലാണ് ഏകജാലകം. ഇതിന്റെ അടിസ്ഥാന വിവരങ്ങൾ, കോഴ്‌സ് കോമ്പിനേഷനുകൾ എന്നിവ ഇതിൽ നിന്നറിയാം. ഏതൊക്കെ സ്‌കൂളിൽ ഏതൊക്കെ കോഴ്‌സുകൾ ലഭ്യമാണെന്ന വിവരങ്ങൾ, സ്‌കൂളുകളുടെ വിവരങ്ങൾ, സ്‌കൂൾ കോഡ് എന്നിവ ലഭിക്കാവുന്ന വിധത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നിനും വെവ്വേറെ ലിങ്ക് കണക്ട് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരണം. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ പ്രവേശന നടപടി ലളിതമാക്കി സർക്കാർ ഉത്തരവിട്ടിരുന്നു. മുൻവർഷങ്ങളിലെ പോലെ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം നൽകേണ്ടതില്ല. പകരം പ്രവേശനം ലഭിച്ചാൽ സ്‌കൂൾ തുറക്കുമ്പോൾ മാത്രം അപേക്ഷാ ഫീസ് അടച്ചാൽ മതിയാകും. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സ്‌കൂളുകളിൽ സമർപ്പിക്കുന്ന രീതിയും ഇത്തവണ ഒഴിവാക്കി. അപേക്ഷ സമർപ്പിക്കാൻ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടർ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല. വിദ്യാർത്ഥി പഠിച്ച സ്‌കൂളിൽ തന്നെ അദ്ധ്യാപകരുടെ കീഴിൽ ഇതിനായി ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
ഏതെങ്കിലും വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്തുള്ള എച്ച്.എസ്, എച്ച്.എസ്.എസ് സ്‌കൂളുകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.