അന്തിക്കാട്: ഏറെ വിവാദങ്ങൾക്കൊടുവിൽ അന്തിക്കാട് സബ് രജിസ്ട്രാർ ഓഫീസിനുള്ള രണ്ടുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്ന് പരാതി. 140 വർഷം പഴക്കമുണ്ടായിരുന്ന ഏനാമാവ് രജിസ്ട്രാർ ഓഫീസ് 1960 മുതലാണ് അന്തിക്കാട് രജിസ്ട്രാർ ഓഫീസായി മാറിയത്.
കാലപ്പഴക്കത്തെ തുടർന്ന് ഗീത ഗോപി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണപ്രവൃത്തികൾ അഞ്ച് വർഷത്തിലേറെക്കാലം ഇഴഞ്ഞുനീങ്ങിയതും റെക്കാഡ് മുറിയില്ലാതെ കെട്ടിടം നിർമ്മിച്ചതും വിവാദമായിരുന്നു. ഇതേത്തുടർന്ന് നിരവധി സമരങ്ങളും നടന്നു.
50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ നിർമ്മാണം തുടങ്ങിയ കെട്ടിടത്തിന്റെ പണി വൈകിയതോടെ തുക തികയാതെ വന്നു. റെക്കാഡുകൾ സൂക്ഷിക്കാൻ മുറി കൂടി നിർമ്മിക്കേണ്ടിവന്നതോടെ അധിക തുക കണ്ടെത്തേണ്ട സ്ഥിതിയായി. പിന്നീട് പൊതുമരാമത്ത് വകുപ്പിന്റെ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടാം നിലയിൽ റെക്കാഡ് റൂം നിർമ്മിച്ചത്.
ചെത്തു തൊഴിലാളി സഹകരണ സംഘം കെട്ടിടത്തിന് മുകളിലാണ് കഴിഞ്ഞ അഞ്ചു വർഷമായി സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം. ആഗസ്റ്റിൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുമെന്നാണ് അറിയുന്നത്.
എന്നിട്ടും പരാതി ബാക്കി
ഒരു കോടിയോളം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് ഇപ്പോൾ ഉയരുന്നത്. സബ് രജിസ്ട്രാർ ഓഫീസിന്റെ സുരക്ഷയ്ക്കായി ചുറ്റുമതിലും ആളുകൾക്ക് എത്തിപ്പെടാൻ നല്ലൊരു റോഡും ഇല്ലെന്നതാണ് പ്രധാന ആക്ഷേപം.
മഴക്കാലത്ത് നടക്കാൻ പോലും കഴിയാത്ത റോഡിലൂടെ വേണം ഇവിടെയെത്താൻ. റവന്യൂ വകുപ്പിന്റെ അധീനതയിലാണ് ഈ റോഡ്. പോസ്റ്റ് ഓഫീസിലേക്കും സമീപത്തെ വീടുകളിലേക്ക് പോകേണ്ടതും ഇതിലൂടെ തന്നെ. ഓഫീസ് അങ്കണത്തിൽ സിമന്റ്കട്ട വിരിച്ച് വൃത്തിയാക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന് മുമ്പ് പുതിയ ഓഫീസ് കെട്ടിടത്തിന് ചുറ്റുമതിലും സി.സി.ടി.വി കാമറകളും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ ഇവിടേക്ക് എത്താനുള്ള റോഡ് ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് ജനാഭിപ്രായം.
(കമന്റ്)
റോഡ് നിർമ്മാണത്തിന് വേണ്ടി എം.എൽ.എ ഫണ്ട് അനുവദിക്കാൻ ഫിനാഷ്യൽ ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുൻപ് അന്വേഷിച്ച് ചുറ്റുമതിൽ കെട്ടേണ്ടതുണ്ടെങ്കിൽ വേണ്ടത് ചെയ്യാം.
- ഗീത ഗോപി എം.എൽ.എ