ചാലക്കുടി: ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച് ആശങ്കയുടെ മുൾ മുനയിലായിരുന്ന നഗരത്തിന് ആന്റിജൻ ടെസ്റ്റിലൂടെ ആശ്വാസം കൈവരുന്നു. കൊവിഡ് ബാധയുണ്ടായ അഞ്ചു പേരുമായി സമ്പർക്കമുണ്ടെന്ന് തെളിഞ്ഞ ഇരുനൂറോളം ആളുകളുടെ രക്ത പരിശോധനയാണ് ഇന്നലെ താലൂക്ക് ആശുപത്രിയിൽ നടന്നത്. ഇതിൽ ഫലം ലഭിച്ച നൂറ്റിയിരുപത്തിയഞ്ച് പേർക്കും വൈറസ് ബാധയില്ലെന്ന് വ്യക്തമായി. മറ്റുള്ളവരുടെ ഫലം ഞായറാഴ്ച അറിയും. തിങ്കളാഴ്ച കൂടുതൽ ആന്റിജൻ പരിശോധന നടക്കും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട അഞ്ചു പേർക്കും റാപ്പിഡ് ടെസ്റ്റ് നടത്തി എട്ടാം ദിവസം ഫലം ലഭിച്ചതാണ് നഗരത്തിലെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയത്. സ്രവ പരിശോധനയ്ക്ക് ശേഷം ഇവർ നിരവധി പേരുമായി സമ്പർക്കമുണ്ടാക്കി. മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയും കൂടപ്പുഴയിലെ കുടുംബശ്രീ പ്രവർത്തക, പൊതു പ്രവർത്തകർ എന്നിവരുടെ സമ്പർക്ക പട്ടിക മാത്രം അഞ്ഞൂറോളം വരുമെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച കണ്ടക്ടറുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പിനെ അത്ഭുതപ്പെടുത്തുന്നതാണ്. ആയിരത്തി അഞ്ഞൂറോളം പേരുമായി സമ്പർക്കമുണ്ടായെന്നാണ് വിവരം. ഡിപ്പോ അധികാരിയുടെ അലംഭാവമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് പറയുന്നു. ചാലക്കുടി നഗരം ശനിയാഴ്ച നിശ്ചലമായി. ഇതിനു പുറമെ അഞ്ചു വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിലാണ്.