തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം 30ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനും ജയിൽ വകുപ്പും ചേർന്ന് ആരംഭിക്കുന്ന പെട്രോൾ പമ്പാണിത്. വിയ്യൂർ സെൻട്രൽ ജയിലിനടുത്ത് തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ പാടൂക്കാട് ദീപ തിയേറ്ററിന് എതിർവശത്ത് 30 സെന്റ് സ്ഥലത്താണ് പെട്രോൾ പമ്പ് നിർമ്മിച്ചിരിക്കുന്നത്. പമ്പിൽ ജോലി ചെയ്യുന്ന തടവുകാർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകി. വൈകാതെ തന്നെ പ്രകൃതിവാതകവും(സി. എൻ. ജി ) ലഭ്യമാക്കും. ഉദ്ഘാടന ദിവസം മുതൽ തന്നെ പമ്പ് പ്രവർത്തിച്ചുതുടങ്ങും. രാവിലെ ആറു മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തനസമയമെന്ന് വിയ്യൂർ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ അറിയിച്ചു. കോർപറേഷനും, ജയിൽ വകുപ്പും ചേർന്ന് സംസ്ഥാനത്ത് നാല് പെട്രോൾ പമ്പുകളാണ് ആരംഭിക്കുന്നത്. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത ജയരാജൻ, ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ്, കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.