ചാലക്കുടി: കൊവിഡ് ഭീതിയ്ക്കിടയിൽ തിരക്കിട്ട് കെ.എസ്.ആർ.ടി.സി ഡിപ്പോ തുറക്കാൻ എ.ടി.ഒ നടത്തിയ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. മുന്നൂറോളം വരുന്ന മുഴുവൻ ജീവനക്കാരോയും ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷം ഡിപ്പോയുടെ പ്രവർത്തനം പുനഃരാരംഭിച്ചാൽ മതിയെന്ന് ജില്ലാ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. റാപ്പിഡ് ടെസ്റ്റ് നടത്തിയവരുടെ ഫലം വരുന്നതിന് മുമ്പ് അവരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ച ഡിപ്പോ അധികാരിയുടെ നടപടിയാണ് ഏറെ ദുരിതങ്ങൾ വരുത്തിവച്ചത്. എട്ടാം ദിവസം ഫലം വരുമ്പോൾ ഇതിൽ രണ്ടു പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ ജോലിയിൽ പ്രവേശിച്ച മാള സ്വദേശി കണ്ടക്ടർ ആയിരത്തിയഞ്ഞൂറോളം യാത്രക്കാരുമായി സമ്പർക്കമുണ്ടാക്കി. റാപ്പിഡ് ടെസ്റ്റായതിനാൽ ഫലം വരുന്നതുവരെ ക്വാറന്റൈനിൽ കഴിയേണ്ടെന്ന് മേലധികാരി തങ്ങളോട് പറഞ്ഞതായി കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന കണ്ടക്ടർ അറിയിച്ചു.