പുതുക്കാട്: നൂൽ കമ്പനിയുടെ നിർമ്മാണത്തിന് പുതുക്കാട് റെയിൽവേ സ്റ്റേഷനു പിറകിലുള്ള സ്വാമിയാർക്കുന്നിൽ നിന്നും കരിങ്കല്ല് ഖനനം നടത്താൻ ദിവാൻ അനുമതി നൽകി. കള്ളിമുൾ ചെടികൾ മാത്രം വളർന്നിരുന്ന കുന്നിന്റെ തെക്കെ ചെരുവിൽ നിന്നും പാറപൊട്ടിച്ചെടുത്തു കാളവണ്ടിയിൽ ആമ്പല്ലൂരിൽ എത്തിക്കും. ഇതായിരുന്നു പതിവ്. ഖനനത്തിന് അക്കാലത്ത് ഇന്നത്തെ പോലെയുള്ള യന്ത്ര സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു. കുറെ കല്ല് പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് പാറയിൽ സ്വർണ്ണ തിളക്കം കണ്ടുതുടങ്ങിയത്. വെട്ടിതിളങ്ങുന്നത് സ്വർണ്ണമാണെന്ന് എല്ലാവരും കരുതി. വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. പൊലീസും പട്ടാളവും കുന്നിന് കാവലായി. വിദഗ്ദ്ധ പരിശോധനയിൽ പാറയിൽ തിളങ്ങിയിരുന്നത് കടുപ്പമുള്ള ഒരു തരം അഭ്രം ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ പൊലീസും പട്ടാളവും പിൻവാങ്ങി. കമ്പനിക്കാവശ്യമായ മുഴുവൻ കരിങ്കലും സ്വാമിയാർ കുന്നിൽ നിന്നും ഖനനം ചെയ്തു. ഈ സ്ഥലങ്ങളെല്ലാം പാറ കുഴികളായി ഇന്നും കാണാം.
കമ്പനി നിർമ്മാണത്തോടൊപ്പം അളഗപ്പ ചെട്ടിയാരുടെ താമസത്തിനും ഓഫീസിനുമായി ഒരു ബംഗ്ലാവും നിർമ്മിച്ചു. കമ്പനിക്കു സമീപത്തായി തൊഴിലാളികൾക്ക് താമസത്തിനായി നൂറുകണക്കിന് ക്വാർട്ടേഴ്‌സുകളും നിർമിച്ചു. ഇതിൽ ഉമയാൾ വിലാസം എന്ന പേരിലുള്ള ബാച്ചിലേഴ്‌സ് ക്വാർട്ടേഴ്‌സിലാണ് കെ. കരുണാകരൻ ഒളിവിൽ കഴിഞ്ഞത്. ട്രേഡ് യൂണിയൻ പ്രവർത്തകനായി വെള്ളാനിക്കര തട്ടിൽ എസ്‌റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് എസ്റ്റേറ്റ് മാനേജരുടെ വധം. സംഭവത്തിൽ കരുണാകരൻ, കെ.വി.കെ. പണിക്കർ എന്നിവർ പ്രതികളായി. തുടർന്ന് കരുണാകരൻ എറെ കാലം ഒളിവിലും പിന്നീട് തൃശൂർ താലൂക്കിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവുള്ള സമയത്തും ഉമയാൾ എന്ന് പേരുള്ള നൂൽ കമ്പനിയുടെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം.
കമ്പനിയിലെ മുഴുവൻ തൊഴിലാളികളും എക യൂണിയനായ എ.ഐ.ടി.യു.സിയുടെ കൊടിക്കീഴിലായിരുന്നു. ഈ കാലയളവിലാണ് കരുണാകരന്റെ നേതൃത്വത്തിൽ അളഗപ്പമില്ലിൽ ഐ.എൻ.ടി.യു.സി യൂണിയൻ രൂപീകൃതമാക്കുന്നത്. ആമ്പല്ലൂരിലെ തൊഴിലാളികൾക്ക് വർഗ്ഗബോധത്തിന്റെ ആദ്യക്ഷരം പകർന്ന പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ ശക്തി കുറക്കുക എന്ന ഉദേശമുള്ളതിനാൽ കരുണാകരന് എല്ലാ സൗകര്യങ്ങളും ചെട്ടിയാർ ചെയ്ത് കൊടുത്തു.
ഒട്ടേറെ തൊഴിൽ സമരങ്ങൾക്കും മർദ്ദനങ്ങൾക്കും വേദിയായ ആമ്പല്ലൂരിന്റെ നാമം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്, വയലാറും, അന്തിക്കാടും പോലെയാണ് ഇന്നും. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ കെ. കരുണാകരന്റെ പ്രവർത്തന കളരികൂടിയായ ആമ്പല്ലൂരിന്റെ അഭിമാനമാണ് അളഗപ്പമില്ല്.
............................
നാളെ അളഗപ്പമില്ലിന്റെ പ്രവർത്തനം നിലച്ചതോടെ നാടുറങ്ങി.
..........................
നാഷണൽ ടെക്‌സ്റ്റയിൽസിനു കീഴിൽ ദക്ഷിണേന്ത്യയിലെ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മില്ലുകൾ ആദ്യകാലത്ത് ബാംഗ്ലൂരിലെ റീജ്യണൽ ഓഫീസിന്റെ കീഴിലും ഇപ്പോൾ തമിഴ്‌നാട് ഉൾപടെയുള്ള സംസ്ഥാനങ്ങളിലെ മില്ലുകൾ പ്രവർത്തിക്കുന്നത് കോയമ്പത്തൂരിലെ റീജ്യണൽ ഓഫീസിനും കീഴിലാണ്.