പാവറട്ടി: ഈ വർഷത്തെ എൽ.എസ്.എസ് - യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മുല്ലശ്ശേരി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. 2019-20 അദ്ധ്യയന വർഷത്തിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷയിൽ 39 പേർ വിജയിച്ചു. യു.എസ്.എസ് പരീക്ഷയിൽ 19 പേരും വിജയിച്ചു. 2018- 19ൽ 10 പേർ മാത്രമാണ് എൽ.എസ്.എസ് പരീക്ഷ ജയിച്ചത്.
എലവത്തൂർ ഗവ.വെൽഫയർ എൽ.പി സ്‌കൂളിൽ നിന്ന് എൽ.എസ്.എസ് പരീക്ഷ പാസായ പി.പി.ഭദ്രയെ മതുക്കരയിലെ വീട്ടിലെത്തി ആദരിച്ചു. പി.ടി.എ., വെൽഫയർ കമ്മിറ്റി, ഒ.എസ്.എ, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദരം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ മിനി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക സി.എ. ഡെയ്‌സി, വാർഡ് അംഗം ടി.ജി. പ്രവീൺ, കെ.കെ. ബിജു, എ.എ. മുസ്തഫ, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി എന്നിവർ സംസാരിച്ചു.