സ്റ്റേഡിയം ഒരുങ്ങുന്നത് എസ്.എൻ.ജി.എസ് സമാജം ഭൂമിയിൽ
കയ്പമംഗലം: മണപ്പുറത്തിന്റെ കായിക സംസ്‌കാരത്തിന് പൊൻചിറക് നൽകാൻ ചെന്ത്രാപ്പിന്നിയിൽ ഇൻഡോർ സ്‌റ്റേഡിയം ഒരുങ്ങുന്നു. എടത്തിരുത്തി പഞ്ചായത്തിന്റെ സ്വന്തം കളിക്കളം നിർമ്മിക്കുകയെന്ന കാലങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ശ്രീനാരായണഗുരു സ്മാരക സമാജം ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം എന്ന ആശയവുമായി മുന്നോട്ടു വരുന്നത്.
കലാ, കായിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ 87 വർഷത്തെ പാരമ്പര്യമുള്ള സംഘടനയാണ് സമാജം. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയെ സമീപിച്ച എസ്.എൻ.ജി.എസ് സമാജം ഭാരവാഹികൾക്ക് ആശാവഹമായി മറുപടി ലഭിച്ചതോടെ ഇൻഡോർ സ്റ്റേഡിയം എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് ആവശ്യമായ അനുമതിക്കായി എടത്തിരുത്തി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്.
എം.എൽ.എ. ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് തുടർനടപടികൾ കൈകൊള്ളാൻ എം.എൽ.എ യോട് എടത്തിരുത്തി പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ പഞ്ചയാത്തിന്റെ അനുമതി പത്രം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി സതീഷ്, വാർഡ് മെമ്പർ ഹേന രമേഷ്, എസ്.എൻ.ജി.എസ് സമാജം സെക്രട്ടറി പി.സി. രവി മാസ്റ്റർ, ട്രഷറർ സി.എ. ജമാൽ, പി.എസ്. സുമൻകുമാർ എന്നിവർ ചേർന്ന് ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എയ്ക്ക് കൈമാറി. തുടർ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകി.
കായിക വികസനത്തിന് മുതൽക്കൂട്ട്
ഇൻഡോർ എന്ന സ്വപ്നം സാക്ഷാത്കരിച്ചാൽ തീരദേശ മേഖലയുടെ കായിക വികസനത്തിൽ നാഴികക്കല്ലായി മാറും. കയ്പമംഗലം മണ്ഡലത്തിലെയും മണപ്പുറത്തെയും ജനകീയ വിനോദമായ വോളിബാളിനും ഏറെ ഗുണകരമാകും. ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി വോളിബാൾ ടൂർണമെന്റിന് തടിച്ചു കൂടുന്ന ആയിരങ്ങൾ തീരദേശത്തിന്റെ കായിക പാരമ്പര്യത്തിന് ഉദാഹരണമാണ്.