raid

തൃശൂർ : കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും പ്രതിരോധ മാനദണ്ഡം നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്തപരിശോധനയും ശിക്ഷാ നടപടിയും കർശനമാക്കി. സിറ്റി പരിധിയിലും റൂറലിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഹെൽത്ത് സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരിടത്തും സാമൂഹിക അകലം പാലിക്കുകയോ മറ്റ് നിർദ്ദേശം നടപ്പിലാക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ടെത്തി. എതാനും ദിവസം മുമ്പ് സിറ്റി പൊലീസ് കമ്മിഷണർ കെ. ആദിത്യയുടെയും എ.സി.പി വി.കെ രാജുവിന്റെയും ഈസ്റ്റ്, കൺട്രോൾ റൂം വനിതാ സ്‌റ്റേഷൻ എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ കടകളിൽ പരിശോധന നടത്തിയിരുന്നു. നിർദ്ദേശം പാലിക്കാത്ത കടകൾ അടപ്പിച്ചു.

തുടർന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാർക്കറ്റുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തിയത്. ഈസ്റ്റ് സി.ഐ പി. ലാൽ കുമാർ, കൺട്രോൾ റൂം സി.ഐ വി. ബാബുരാജ്, വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.വി സിന്ധു, ഈസ്റ്റ് എസ്.ഐ ബിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജയ്ഹിന്ദ് മാർക്കറ്റ്, ശക്തൻ മാർക്കറ്റ്, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം വൈകീട്ട് ശക്തൻ മാർക്കറ്റിൽ ലോക്ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹത്തെ തുടർന്ന് നൂറുക്കണക്കിന് പേർ സാധനം വാങ്ങാനെത്തിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. റൂറൽ പരിധിയിൽ റൂറൽ എസ്.പി ബി. വിശ്വനാഥിന്റെ തേൃത്വത്തിലാണ് നടപടികൾ.

നിർദ്ദേശങ്ങൾ ഇങ്ങനെ

കടയിൽ ജീവനക്കാരുടെ എണ്ണം 3
സാധനം വാങ്ങാൻ കടയ്ക്കുള്ളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം 2
വലിയ കടകളാണെങ്കിൽ ജീവനക്കാരുടെ എണ്ണം 5
സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം 5
സാമൂഹിക അകലം കർശനമായി പാലിക്കണം
കടകൾക്ക് മുന്നിൽ ചെറുകിട കച്ചവടക്കാരെ അനുവദിക്കില്ല
സാനിറ്റൈസർ ഗ്ലൗസും മാസ്‌കും നിർബന്ധം
പ്രായമേറിയവരെ ജോലിക്ക് നിറുത്തിയാൽ ലൈസൻസ് റദ്ദാക്കും

പിഴ


മാസ്‌കില്ലെങ്കിൽ 200
മറ്റ് നിർദ്ദേശം ലംഘിച്ചാൽ 500
ഒന്നിൽ കൂടുതൽ തവണ നിർദ്ദേശം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കൽ

............

പൊലീസിന്റെ നേതൃത്വത്തിലുള്ള പരിശോധന കർശനമായി തുടരും. അതോടൊപ്പം ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മിന്നൽ പരിശോധനകളും ഉണ്ടാകും. ജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണം. കൂട്ടത്തോടെ കടകളിലേക്ക് വരുന്നത് ഒഴിവാക്കണം. കൂട്ടം കൂടി നിന്നാൽ അവർക്കെതിരെയും നടപടി.


വി.കെ രാജു, എ.സി.പി. തൃശൂർ