കയ്പമംഗലം: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്യാനെത്തിയ ഭർത്താവുമായുള്ള സംഘർഷത്തിനിടെ ചുറ്രികയ്ക്കടിയേറ്ര യുവാവ് മരിച്ചു. എടത്തിരുത്തി കൊല്ലാറ സെന്റർ കൊല്ലാറ നാരായണൻ മാസ്റ്ററുടെ മകൻ ഗിജുവാണ് (42) മരിച്ചത്. ചുറ്രിക കൊണ്ടുവന്നത് ഗിജുവാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി പതിനൊന്നോടെ എടത്തിരുത്തി പുളിഞ്ചോട് സെന്ററിന് തെക്കുള്ള ഫ്ലാറ്റിൽ മുകളിലത്തെ നിലയിൽ താമസിക്കുന്ന സുധീഷ് തന്റെ ഭാര്യയെ ശല്യം ചെയ്യുന്നുവെന്നാരോപിച്ചാണ് റോഡിൽ നിന്നിരുന്ന ഗിജുവിനെ ചോദ്യം ചെയ്തു. തർക്കത്തിലേർപ്പെട്ട രണ്ട് പേരും റോഡിൽ കെട്ടിമറിഞ്ഞ് വീഴുകയും, ഗിജു തന്റെ ബൈക്കിൽ ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ സുധീഷ് ചുറ്രിക പിടിച്ചുവാങ്ങി ഗിജുവിനെ അടിച്ചു. ബോധരഹിതനായ ഗിജുവിനെ ഉടൻ തന്നെ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗിജുവിന്റെ മാതാവ്: സീത. സഹോദരങ്ങൾ: സുചിത്രഗോപി, സീന ജയസിംഗ്, ഗിൽ. മൃതദേഹം കൊവിഡ് ടെസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. ചുറ്റിക കൊണ്ട് തലയ്ക്ക് പരിക്കേറ്റ സുധീഷും ചികിത്സയിലാണ്. ഗിജു സുധീഷിന്റെ ഭാര്യയെ സ്ഥിരം ശല്യം ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ് സുബിന്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.