പുതുക്കാട്: സ്വർണ്ണ ശോഭയോടെ ഉദിച്ചുയർന്ന് ഒരു നാടിന്റെയും പതിനായിരങ്ങളുടെയും ജീവിതയാത്രയ്ക്ക് താങ്ങും തണലുമായ സ്ഥാപനം. ഇപ്പോൾ എല്ലാം വേദനിപ്പിക്കുന്ന കാഴ്ചകൾ. അളഗപ്പ ചെട്ടിയാർക്ക് താമസിക്കുന്നതിനും ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുമായി നിർമ്മിച്ച പടുകൂറ്റൻ ബംഗ്‌ളാവ്. സിമന്റിന്റെ ഉപയോഗം വ്യാപകമാകുന്നതിന് മുമ്പ് നിർമിച്ച കെട്ടിടങ്ങൾ, തമിഴ് വാസ്തുവിദ്യയും യൂറോപ്യൻ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച നിർമ്മാണ ശൈലി. എത് കടുത്ത വേനലിലും കുളിർമ്മ നൽകിയിരുന്നു ബംഗ്‌ളാവിന്റെ അകത്തളങ്ങൾ.
വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുന്ന കെട്ടിടത്തിൽ വളർന്നു കയറുന്ന വള്ളിപടർപ്പുകൾ പോലും പിഴുതുമാറ്റാൻ ആരും തയ്യാറാകുന്നില്ല. ഇതോടെ ഈ പടുകൂറ്റൻ ബംഗ്‌ളാവിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ശംഖ് നീറ്റിതേച്ചിരുന്ന ചുമരിന്റെ തേപ്പ് അടർന്നുവീഴുന്നു. കെട്ടിടം തന്നെ നിലംപൊത്തുമെന്ന അവസ്ഥയിൽ ഓഫീസ് പ്രവർത്തനം ഫാക്ടറി ഷെഡുകളുടെ ഒരു വശത്തേക്ക് മാറ്റി.
അളഗപ്പ ചെട്ടിയാർ സ്ഥിരമായി താമസിച്ചിരുന്നത് ബംഗ്‌ളാവിന്റെ മുകളിലെ നിലയിലായിരുന്നു. താഴത്തെ നിലയിലായിരുന്നു ഓഫീസ് പ്രവർത്തനം. നൂറോളം ഓഫീസ് ജീവനക്കാരുണ്ടായിരുന്നു ഒരു കാലത്ത്. വിദേശികൾ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ സാംസ്‌കാരിക നായകർക്ക് ആദിത്യം അരുളിയ ബംഗ്‌ളാവിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയം.
വർഷങ്ങൾക്ക് മുമ്പ് സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി ബംഗ്‌ളാവിന് മുൻവശത്തെ തെങ്ങിൻ തോട്ടത്തിൽ മട്ടിത്തൈകൾ നട്ടു വളർത്തി. പിന്നീട് വനം വകുപ്പ് പോലും ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ല, ഇതോടെ സ്വാഭാവിക വനമായി മാറി ഇവിടം. റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന പടുകൂറ്റൻ ഗേറ്റിൽ ഇരുവശത്തുമുണ്ടായിരുന്ന പിച്ചളയിൽ നിർമ്മിച്ച ആനകളുടെ ശിൽപ്പം വരെ കവർന്നു. ഒട്ടേറെ ചലച്ചിത്രങ്ങൾ ബംഗ്‌ളാവിൽ ചിത്രീകരിച്ചിട്ടുണ്ട്. തെന്നിന്ത്യൻ താരങ്ങളായ പത്മ, രാഗിണി സഹോദരിമാർ പഞ്ഞിനൂലാക്കുന്ന വിദ്യ കാണാൻ കമ്പനിയിലെത്തിയത് ജിവിച്ചിരിക്കുന്ന ആദ്യ കാല ജീവനക്കാർ ഇന്നും ഓർക്കുന്നു.
ദിവാൻ ഷൺമുഖം ചെട്ടിയാർക്ക് അളഗപ്പ ചെട്ടിയാരുമായുള്ള ബന്ധത്തെ തുടർന്ന് കൊച്ചി രാജകുടുംബം ആശുപത്രി ആവശ്യത്തിന് നിർമ്മിച്ച രവിവർമ്മ സ്മാരക കെട്ടിടവും തകർന്നുകൊണ്ടിരിക്കുന്നു. ഫാക്ടറി കെട്ടിടങ്ങളും പല ഭാഗത്തും തകർച്ചയുടെ വക്കിലാണ്. ജീവനക്കാർ താമസിച്ചിരുന്ന നൂറു കണക്കിന് ക്വാർട്ടേഴ്‌സുകൾ എല്ലാം വീഴാൻ കാത്തു നിൽക്കുന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ പല ക്വാർട്ടേഴ്‌സുകളും വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. മിക്കവാറും ക്വാർട്ടേഴ്‌സുകളെല്ലാം ഒറ്റ വീടുകളാണ. ഇവയ്ക്ക് ചുറ്റിലും ഭൂമിയും ഫലവൃക്ഷങ്ങളും ഉണ്ട്. കമ്പനിയിലെ എ.ഐ.ടി.യു.സി യൂണിയൻ ഒഴികെയുള്ളവരുടെ ഓഫിസുകൾ പ്രവർത്തിക്കുന്നതും കമ്പനി കെട്ടിടങ്ങളിലാണ്.
ഭഗവാൻ ശ്രീകൃഷ്ണനും ഇപ്പോൾ ദാരിദ്ര്യം
തികഞ്ഞ ഈശ്വര വിശ്വസിയായിരുന്ന അളഗപ്പ ചെട്ടിയാർ തനിക്കും തൊഴിലാളികൾക്കും ആരാധനയ്ക്കായി നിർമിച്ച ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പരിപാലനവും പൂജാദി കർമ്മങ്ങളും ഇപ്പോൾ വഴിപാട് പോലെയായി. ക്ഷേത്രജീവനക്കാരും നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷൻ ജിവനക്കാരാണ്. ഭഗവാന് ദാരിദ്ര്യമായതോടെ ഭഗവാനെ ആശ്രയിച്ചിരുന്ന വിശ്വാസി സമൂഹവും കൈയൊഴിഞ്ഞു. നല്ല കാലങ്ങളിൽ തൊഴിലാളികളും കുടുംബാംഗങ്ങളെയും കൂടാതെ നാട്ടുകാരും ഇവിടെ എത്തുമായിരുന്നു. നവരാത്രി കാലത്താണ് പ്രധാന ആഘോഷങ്ങൾ നടക്കുക.
വിശേഷാവസരങ്ങളിൽ ചാർത്താറുള്ള ഭഗവാന്റെ തിരുവാഭരണങ്ങൾ കമ്പനി ഓഫീസിലെ ലോക്കറിലാണ് സൂക്ഷിക്കുന്നത്. അതിനാൽ നഷ്ടപെട്ടിട്ടില്ലന്ന് കരുതാം. വിശ്വാസ സംരക്ഷകർ പോലും ഈ ക്ഷേത്രത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.
നാളെ (അന്തകനായത് കേന്ദ്രസർക്കാരോ ?)