medical


തൃശൂർ : ജനറൽ വാർഡിലെ രോഗികൾക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചതോടെ നീരീക്ഷണത്തിൽ പോയ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്ക് പരിശോധന ആവശ്യമില്ലെന്ന നിലപാടിൽ വ്യാപക പ്രതിഷേധം. ജനറൽ വാർഡിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല്, അഞ്ച് വാർഡുകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം നെഗറ്റീവായിരുന്നു. ഇതോടെ ജീവനക്കാരെ പരിശോധിക്കേണ്ടെന്ന തീരുമാനത്തിനെതിരെ ജീവനക്കാരും എൻ.ജി.ഒ അസോസിയേഷനും ഗവ. നഴ്‌സസ് യൂണിയനും രംഗത്തെത്തി. പ്രതിഷേധത്തോടെ ഇന്ന് രാവിലെ മുതൽ ജീവനക്കാർക്ക് പി.സി.ആർ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ജനറൽ വാർഡിൽ രോഗികളെ പരിചരിച്ചിരുന്ന 108 ജീവനക്കാരാണ് നിരീക്ഷണത്തിൽ പോയത്. ഇതിൽ ലോ റിസ്‌കിൽപ്പെട്ട 71 പേരിൽ 38 പേരോട് ഇന്നലെ മുതൽ ജോലിക്ക് ഹാജരാക്കാൻ നിർദ്ദേശിച്ചു.

ലോ റിസ്‌കിൽ ഉള്ളവരെ പരിശോധിക്കാൻ നിയമം അനുവദിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരിശോധന വേണ്ടെന്ന് വച്ചത്. എന്നാൽ ഇതിനെതിരെ ജീവനക്കാരെത്തിയതോടെ പരിശോധനാ ഫലം വന്ന ശേഷം ജോലിക്ക് ഹാജരായാൽ മതിയെന്ന് സമ്മതിക്കുകയായിരുന്നു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ നാരായണൻ, പി.എം ഷീബു, കെ.എസ് മധു, പി. ബിബിൻ, ബാബു.പി, കേരള ഗവ. നഴ്‌സസ് യൂണിയൻ ജില്ലാ സെക്രട്ടറി സിജി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡുമായി ചർച്ച നടത്തിയത്..

നിരീക്ഷണത്തിലുള്ള ജീവനക്കാർ 108
ലോ റിസ്‌കിലുള്ളവർ 71
ആദ്യഘട്ടത്തിൽ ജോലിക്ക് ഹാജരാകാൻ പറഞ്ഞവർ 38


ഒരു രോഗിയുടെ ഫലം നെഗറ്റീവ്


അതേസമയം നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വാർഡ് അഞ്ചിൽ കിടന്ന രോഗിയുടെ സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ചപ്പോൾ, നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ജീവനക്കാരുടെ നിരീക്ഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു

ആന്റിജൻ ടെസ്റ്റ് വേഗത്തിലായെന്ന് ആക്ഷേപം

കൊവിഡ് സ്ഥിരീകരിച്ച് വാർഡുകളിലെ മറ്റ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. രോഗം കണ്ടെത്തി രണ്ട് ദിവസത്തിനുള്ളിലാണ് ടെസ്റ്റ് നടത്തിയത്. എന്നാൽ വൈറസ് ബാധിച്ച് എകദേശം അഞ്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ ലക്ഷണം പ്രകടമാകൂവെന്നും ആക്ഷേപമുണ്ട്. ഇവരെ നിരീക്ഷിച്ച ശേഷം പരിശോധന നടത്തിയാൽ മതിയായിരുന്നുവെന്നാണ് അഭിപ്രായം.