മാള: മാള പഞ്ചായത്തിലെ 10 വാർഡുകൾ കണ്ടെയ്ൻമെന്റ് മേഖലയായതോടെ പഴുതടച്ച ജാഗ്രതയുമായി പൊലീസ് രംഗത്ത്. വിവിധ വാർഡുകളിലേക്കുള്ള 60 ഓളം വഴികൾ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ അടച്ചു. ഈ വാർഡുകളിലൂടെയുള്ള പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് പ്രധാന റോഡുകൾ ഒഴികെയുള്ളവയെല്ലാം അടച്ചിട്ടു.

നിയമം ലംഘിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. അതീവ നിയന്ത്രിത മേഖലയിൽ ആശുപത്രി, മരുന്ന് കടകൾ, ചില ബേക്കറികൾ, പെട്രോൾ പമ്പ് എന്നിവ മാത്രമാണ് പ്രവർത്തിച്ചത്. വൈകീട്ടോടെയാണ് എല്ലാ ചെറു വഴികളും പൊലീസ് അടച്ചത്. മറ്റു സ്ഥലങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. നിയന്ത്രിത മേഖലയിൽ നിന്നുള്ളവർക്ക് പുറത്തേക്കും മറ്റുള്ളവർക്ക് അകത്തേക്കും ഉള്ള സഞ്ചാരം വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മാള എസ്.ഐ: എ.വി. ലാലു പറഞ്ഞു.

ആദ്യ ദിവസം ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ എടുത്തിട്ടുണ്ട്. മാള പഞ്ചായത്തിലെ അമ്പഴക്കാട് (7), കൂനൻപറമ്പ് (8), ചക്കാംപറമ്പ് (9), സ്‌നേഹഗിരി, കോട്ടമുറി (10), സ്‌നേഹഗിരി (11), കാവനാട് (14), മാള (15), കുന്നത്തുകാട് (17), മാരേക്കാട് (20) വാർഡുകളാണ് കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്റ് മേഖലകളാക്കിയത്. നെയ്തക്കുടി വാർഡ് നേരത്തെ തന്നെ അതീവ നിയന്ത്രണ മേഖലയായിരുന്നു.