തൃശൂർ: ചേർപ്പ് ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടമായി. ചേർപ്പ് പഞ്ചായത്തിലെ പെരുമ്പിള്ളിശ്ശേരി പാമ്പാം തോട് ഭാഗത്ത് ഏഴ് സെന്റ് സ്ഥലത്താണ് 17.5 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചേർപ്പ് തായംകുളങ്ങരയിൽ വാടക കെട്ടിടത്തിലായിരുന്നു ഇതുവരെ ആശുപത്രി കെട്ടിടം പ്രവർത്തിച്ചിരുന്നത്.

1,100 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് ആശുപത്രി ഒരുക്കിയിട്ടുള്ളത്. രോഗികളെ ചികിത്സിക്കുന്ന ഒരു മുറിയും, ഫാർമസിയും, അടുക്കളയും, മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ സാധാരണ ചികിത്സയ്ക്ക് പുറമെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനുള്ള വിവിധ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിനു കീഴിൽ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്കും കൊവിഡ് ബാധയെ തുടർന്ന് ആശുപത്രി വാസം കഴിഞ്ഞ് വരുന്നവർക്കും ആവശ്യപ്പെടുന്ന പക്ഷം 14 ദിവസത്തെ അമൃതം, പുനർജ്ജനി, സുഖായുഷ്യം, സ്വാസ്ഥ്യം എന്നീ ചികിത്സകൾ ലഭ്യമാക്കും.

അമൃതം ചികിത്സാ വിധിയിൽ ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് കഷായം, ഗുളിക, വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാനുള്ള ആയുർവേദ കൂട്ട്, കിടക്കുന്ന മുറിയിൽ അണുനശീകരണം എന്നീ സൗകര്യങ്ങൾ എത്തിച്ചു നൽകും. കൊവിഡ് രോഗ ബാധിതനായി ആശുപത്രിയിൽ കിടന്നതിന് ശേഷം തിരിച്ചു വരുന്നവർക്കായാണ് പുനർജ്ജനി ചികിത്സ. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 60 വയസിന് മുകളിൽ ഉള്ളവർക്കും മറ്റു അസുഖങ്ങൾ ഉള്ളവർക്കും സുഖായുഷ്യവും,​ 60 വയസിനു താഴെ പ്രായം ഉള്ളവർക്ക് സ്വാസ്ഥ്യം ചികിത്സയും നൽകുന്നുണ്ട്. ഇതിനകം നിരീക്ഷണത്തിൽ കഴിയുന്ന 250 പേർക്ക് അമൃതം പദ്ധതി മുഖേന ആയുർവേദ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകിയതായി സീനിയർ മെഡിക്കൽ ഓഫീസർ കെ. സുജിത്ത് പറഞ്ഞു.

മെഡിക്കൽ ഓഫീസറും, ഫാർമസിസ്റ്റും, അറ്റൻഡറും, സ്വീപ്പറും ഉൾപ്പെടെ നാല് പേരാണ് ഇവിടെയുള്ളത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഒ.പി സമയം.