aloor-17vard
പൊലീസും ആരോഗ്യവകുപ്പും ചേർന്ന് അടച്ചുപൂട്ടിയ ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലേക്കുള്ള റോഡ്

കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ നാല് വാർഡുകൾ കൂടി അടച്ചതോടെ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി. കഴിഞ്ഞദിവസം ആറാം വാർഡ് വടക്കേ കോടാലി, ഏഴാം വാർഡ് കിഴക്കേ കോടാലി, 14-ാം വാർഡ് കോപ്ലിപ്പാടം, 15-ാം വാർഡ് തെക്കേകോടാലി എന്നിവിടങ്ങളാണ് അടച്ചത്. പ്രധാന വഴി ഒഴികെ ഇടവഴികൾളെല്ലാം അടച്ചു പൂട്ടി. രണ്ടുരോഗികളുടെ മാത്രം പ്രാഥമിക സമ്പർക്കപട്ടികയിൽ 110 പേരാണുള്ളത്. ഇവരെ ഉടൻ കൊവിഡ് ടെസ്റ്റിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 20നാണ് 10, 11, 21 വാർഡുകൾ അടച്ചത്. ഈ വാർഡുകളിലെ പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക് കൊവിഡ് ടെസ്റ്റും ദ്വിതീയ സമ്പർക്കപട്ടികയിലുള്ളവർക്ക് ആന്റിജൻ ടെസ്റ്റും നടത്തി ഫലം കാത്തിരിക്കുകയാണ്.
ആളൂർ പഞ്ചായത്തിലെ 17-ാം വാർഡ് കല്ലേറ്റുംകര സൗത്ത് കഴിഞ്ഞദിവസം കണ്ടെയ്ൻമെന്റ് സോൺ ആക്കി. വാർഡിലേക്കുള്ള ഇടറോഡുകൾ അടച്ചുപൂട്ടി. ദമ്പതികൾക്ക് പോസറ്റീവ് അയതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 14 പേരാണുള്ളത്. ഇതിൽ നാല് പേരെ ടെസ്റ്റിന് വിധേയമാക്കി. മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽ ടെസ്റ്റ് നടത്തും. ആളൂർ പഞ്ചായത്തിലെ ഒന്നാം വാർഡും കൊടകര പഞ്ചായത്തിലെ രണ്ടാം വാർഡും നേരത്തെ അടച്ചിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ജനങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു. ആവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ മാത്രമേ തുറക്കാൻ അനുവാദമുള്ളു.