manoj
കത്തിയമർന്ന കടയുടെ മുന്നിൽ മനോജ് ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം

മാള: ഉപജീവന മാർഗം കത്തിയമർന്ന് ഒരു പിടി ചാരമായപ്പോൾ ഇരുട്ടിലായ കണ്ണിനൊപ്പം മനോജിന്റെ ജീവിതവും വഴിമുട്ടി. കാഴ്ചയില്ലാത്ത മനോജിന്റെ ഏക ജീവിത മാർഗമായിരുന്നു ഇന്നലെ അഗ്‌നി കവർന്നെടുത്തത്.

പൊയ്യ പഞ്ചായത്തിലെ ചാക്കാട്ടിക്കുന്നിലെ പൂന്തുരുത്തിൽ രാമുവിന്റെ മകൻ 44കാരനായ മനോജിന്റെ കുടുംബത്തിന് ഏക ആശ്രയമായിരുന്നു അഗ്‌നിക്കിരയായ പെട്ടിക്കട. മനോജിനൊപ്പം അവിവാഹിതയായ കാഴ്ചക്കുറവുള്ള സഹോദരി മഞ്ജുവും ഭാര്യ ചന്ദ്രമതിയും ചേർന്നാണ് കട നടത്തിയിരുന്നത്. മനോജിന് ഏഴ് വയസുള്ള മകളും ഉണ്ട്.

അഗ്‌നിബാധയിൽ അര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വൈകീട്ട് തട്ടുകടയായാണ് ഉപയോഗിച്ചിരുന്നത്. പൊയ്യ ഗ്രാമപഞ്ചായത്ത് രണ്ട് വർഷം മുൻപ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെട്ടിക്കട നൽകിയത്. കട തുറക്കാത്തതിനാൽ മൂവരും വീട്ടിലായിരുന്നു. അപകടത്തിനിടയാക്കിയ കാരണം വ്യക്തമല്ല. ചെറു പ്രായം മുതൽ കാഴ്ച കുറഞ്ഞു വന്നിരുന്ന മനോജ് വർഷങ്ങളായി പൂർണമായി അന്ധകാരത്തിലാണ്. മികച്ച പാട്ടുകാരൻ കൂടിയായ ഈ യുവാവിന്റെ ഏക ഉപജീവന മാർഗം കൂടി ഇതോടെ ഇല്ലാതായി.

ഇന്നലെ ഉച്ചതിരിഞ്ഞാണ് പരിസര വാസികൾ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇതിനിടെ കടയിലുണ്ടായിരുന്ന ചെറിയ ഗ്യാസ് സിലിണ്ടർ രക്ഷാപ്രവർത്തകർ നീക്കിയതിനാൽ തീ മറ്റു സ്ഥലങ്ങളിലേക്ക് പടർന്നില്ല. കടയിലെ ഫ്രിഡ്ജ് അടക്കമുള്ളതെല്ലാം പൂർണമായി കത്തിനശിച്ചു.