മാള: റാങ്ക് ലിസ്റ്റിലുള്ളത് 3,518 പേർ, അതേ പോസ്റ്റിലെ താത്കാലിക ജീവനക്കാർ 3,500. വനം വകുപ്പിൽ വാച്ചർ തസ്തികയിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെ
നോക്കുകുത്തിയാക്കുന്ന ഈ നീക്കം അരങ്ങേറിയത്.
2016 ൽ പി.എസ്.സി പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 354/ 2016 പ്രകാരമുള്ള റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് രണ്ട് വർഷം പിന്നിടുകയാണ്.
13 ജില്ലകളിലായി 3,646 ഉദ്യോഗാർത്ഥികളുടെ റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ 128 നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. ഇത്രയും ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റിനെ മറികടന്നാണ് താത്കാലിക നിയമനം തകൃതിയായി നടന്നത്. 2016 ൽ വിജ്ഞാപനം ഇറക്കി പരീക്ഷ നടത്തി മൂന്ന് വർഷമായപ്പോഴാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഇതിനിടയിൽ 2008 മുതലുള്ള മുന്നൂറോളം താത്കാലികക്കാരെ സ്ഥിരപ്പെടുത്തി. റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ലാത്ത അവസരത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന മാത്രമേ 179 ദിവസത്തേക്ക് സമാന തസ്തികകളിൽ നിയമനം നടത്താവൂവെന്നാണ് നിർദ്ദേശം. 2019 ൽ മാത്രം 30 താത്കാലികക്കാരെ സ്ഥിരപ്പെടുത്തി. വനവിസ്തൃതിക്ക് ആനുപാതികമായി സ്ഥിരം ഫോറസ്റ്റ് വാച്ചർമാരുടെ സേവനം ഉറപ്പു വരുത്തുവാൻ കഴിഞ്ഞിട്ടില്ലെന്ന് വകുപ്പ് മന്ത്രി തന്നെ നിയമസഭയിൽ അറിയിച്ചിരുന്നു. അപ്പോഴാണ് താത്കാലിക നിയമനം പൊടിപൊടിക്കുന്നത്.
......................
നിലവിൽ അംഗീകൃത വാച്ചർമാർക്ക് പ്രൊമോഷൻ നൽകി പകരം റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുക. നിലവിലുള്ള സർക്കാർ - കോടതി നിർദ്ദേശം പാലിച്ച് റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രം നിയമനം നടത്തണം
ഫിറോസ് ഖാൻ
റാങ്ക് ഹോൾഡേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ്