ചാലക്കുടി: കൊവിഡ് ഭീതിയുടെ പിരിമുറുക്കത്തിന് തെല്ല് ആശ്വാസം കൈവന്നെങ്കിലും നഗരം ഏതാനും ദിവസം കൂടി നിശ്ചലമായി തുടരും. കണ്ടെയ്‌ൻമെന്റ് സോണാക്കിയ വാർഡുകളിൽ പെടാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ തുറക്കാമെങ്കിലും പ്രവർത്തനം നാമമാത്രമാകും. തൊട്ടടുത്ത വാർഡ് അടച്ചിടൽ കേന്ദ്രമാകുന്ന അവസ്ഥയിൽ വാഹന ഗതാഗതം അനുവദിക്കാൻ ആകില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് ഒഴിവാക്കുന്നതുവരെ നഗരം നിർജീവമായിരിക്കും. സെന്റ് മേരീസ് ചർച്ച്, മുനിസിപ്പൽ, ക്വാർട്ടേഴ്‌സ്, ഹൗസിംഗ് കോളനി എന്നീ വാർഡുകൾ നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം അടഞ്ഞുതന്നെ കിടക്കും. ആനമല ജംഗ്ഷൻ മുതൽ പോട്ടവരെയുള്ള പ്രദേശങ്ങളിൽ മുൻ ദിവസങ്ങളെപ്പോലെ പ്രവർത്തിക്കാനാകും.
ചന്തയിലെ ചുമട്ടുതൊഴിലാളിയ്ക്ക് വൈറസ് ബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ 152 പേരുടേയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായി. സ്രവം പരിശോധിച്ച 92 ആളുകളുടെ ഫലം ഇനി അറിയാനുണ്ട്. ഡ്രൈവർക്കും കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയയുടെ നിറുത്തിവച്ച പ്രവർത്തനം എന്നു പുനഃരാരംഭിക്കാനാകുമെന്ന് തീരുമാനിച്ചിട്ടില്ല. മുന്നൂറു ജീവനക്കാരുള്ള ഡിപ്പോയിൽ നൂറിൽ താഴെ ആളുകളുടെ ആന്റിജൻ പരിശോധനയാണ് ഇതുവരെ നടന്നത്. കണ്ടക്ടറുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ജീവനക്കാരും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നൂറ്റിയമ്പതിൽ കൂടുതൽ പേർ ഇനിയും കൊവിഡ് പരിശോധന നടത്തേണ്ടി വരും. അനശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ ഡിപ്പോയുടെ ശുചീകരിത്തിനു തീരുമാനമായില്ല. ഇതിനിടെ ഡിപ്പോ അധികൃതരുടെ അനാസ്ഥ മൂലം ഞായറാഴ്ച ആന്റിജൻ പരിശോധയ്ക്ക് താലൂക്ക് ആശുപത്രിയിലെത്തിയ ഇരുപതോളം ജീവനക്കാർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. വരുന്ന ആളുകളുടെ പേരുവിവരങ്ങൾ ആശുപത്രിയിൽ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ആരോപണം.