തൃശൂർ: ആദ്യകൊവിഡ് സ്ഥിരീകരിച്ച് ആറ് മാസം പിന്നിടുമ്പോൾ ജില്ലയിൽ ഏഴും സംസ്ഥാനത്ത് 61 ഉം കൊവിഡ് ബാധിതർ മരിച്ചതോടെ കൂടുതൽ കരുതൽ വേണ്ടത് പ്രായം ചെന്നവർക്കാണെന്ന് കണക്കുകൾ തെളിയിക്കുന്നു. തൃശൂരിലെ ഏഴിൽ നാലുപേരും അറുപത് വയസ് കഴിഞ്ഞവരാണ്. രോഗബാധിതരായ വയോധികരിൽ ഭൂരിഭാഗത്തിനും തീവ്രപരിചരണവും വേണ്ടി വന്നു.
വീടിന് പുറത്ത് നിന്നല്ല, കുടുംബാംഗങ്ങളിൽ നിന്ന് രോഗം ബാധിക്കുന്നുവെന്നതാണ് ഈയിടെയുണ്ടായ മരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മേയ് 20 ന് ചാവക്കാട് സ്വദേശിനി കദീജക്കുട്ടിയായിരുന്നു (73 ) ജില്ലയിൽ ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. മുംബയിൽ നിന്നായിരുന്നു രോഗബാധ. ജൂൺ ഏഴിന് സംഭവിച്ച കുണ്ടലിയൂർ സ്വദേശി കുമാരൻ്റെ (83) മരണത്തിൽ വൈറസിൻ്റെ ഉറവിടം കണ്ടെത്താനായില്ല. ജൂൺ എട്ടിന് മരിച്ച ചാലക്കുടിയിലെ ഡിന്നി ചാക്കോ (42) മാലദ്വീപിൽ നിന്നെത്തിയ ശേഷമാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ജൂലായ് ഏഴിന് മരിച്ച അരിമ്പൂർ സ്വദേശി വത്സല (63) മരിച്ചതും സമ്പർക്ക ബാധയിലൂടെയായിരുന്നു. ജൂലായ് 15 ന് രണ്ടു പേരാണ് മരിച്ചത്. ഗുരുവായൂർ സ്വദേശി അനീഷ് (40) ചെന്നൈയിൽ നിന്നെത്തിയതായിരുന്നു. അവിട്ടത്തൂർ സ്വദേശി ഷിജുവിന്റെ (46) രോഗബാധയുടെ ഉറവിടം വ്യക്തമല്ല. 26 ന് ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പളളൻ്റെ (72) മരണവും സമ്പർക്കത്തിലൂടെയാണെന്നാണ് കരുതുന്നത്. സമ്പർക്ക രോഗബാധ അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ആരോഗ്യവകുപ്പ് ശക്തമാക്കുകയാണ്. ആരോഗ്യപ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പ്രായം ചെന്നവരുടെ വിവരം ശേഖരിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. തുടർപ്രവർത്തനം നടക്കുന്നുമുണ്ട്. എന്നാൽ നിരീക്ഷണം വ്യാപകമാക്കേണ്ടിയിരിക്കുന്നുവെന്നാണ് അടുത്തിടെയുണ്ടായ മരണം അടിവരയിടുന്നത്.
സമിതികൾക്ക് ജാഗ്രതയില്ലെങ്കിൽ
പ്രവാസികൾ തിരിച്ചെത്തുമ്പോൾ, വയോധികർ ഉളള വീടുകളിൽ ക്വാറൻ്റൈനിലാക്കാതിരിക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ അത് ലംഘിച്ചതായി പരാതിയുണ്ട്. വയോജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൃത്യമായി നിരീക്ഷിക്കാനുമായി കൊവിഡ് ജാഗ്രതാ സമിതികൾക്കും രൂപം നൽകിയിരുന്നു. വാർഡ് അംഗം, ആശാ വർക്കർമാർ, യുവജന വളണ്ടിയർ സംഘം, കുടുംബശ്രീ പ്രവർത്തകർ, പൊലീസ് തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു സമിതി. വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഭാരതീയ ചികിത്സാവകുപ്പിൻ്റെ അടക്കം കൗൺസലിംഗ് സൗകര്യങ്ങളും പാലിയേറ്റിവ് കെയർ, ആശ പ്രവര്‍ത്തകരുടെ ഗൃഹസന്ദർശനവും നടപ്പാക്കിയിട്ടുണ്ട്.
കൊവിഡിൻ്റെ ആറ് മാസങ്ങൾ
30 ന് രാജ്യത്തെ തന്നെ കൊവിഡ് സ്ഥിരീകരണത്തിന് ആറ് മാസം
ജനുവരി 30 ന് തൃശൂരിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനി ആശുപത്രി വിട്ടത് 21 ാം ദിവസം
രണ്ടാമത്തെയാൾക്ക് രോഗം സ്ഥിരീകരിച്ചത് മാർച്ച് 12-ന്.
ഇന്നലെ വരെ രോഗം ബാധിച്ചത്
1,174
പേർക്ക്.
രോഗമുക്തരായവർ:
762
മരണം: 7 പേർ
ചികിത്സയിലുള്ളവർ 386 പേർ