ppe

തൃശൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ രൂപീകരിച്ച ആർ.ആർ ടീമിന്റെ പ്രവർത്തനത്തിൽ ഊർജ്ജസ്വലത ഇല്ലെന്ന് ആക്ഷേപം. പ്രാദേശിക തലത്തിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നതിനാണ് ആർ.ആർ.ടി അംഗങ്ങളെ തിരഞ്ഞെടുത്തത്. അഞ്ച് പേരാണ് ഒരു വാർഡിലുള്ളത്. പിന്നീടത് വിപുലപ്പെടുത്താമെന്ന് പറഞ്ഞെങ്കിലും പല സ്ഥലങ്ങളിലും നടന്നില്ല.

നിരീക്ഷണത്തിലിരിക്കുന്നവർക്ക് വേണ്ട സഹായം എത്തിക്കുകയാണ് ആർ.ആർ.ടിയുടെ ചുമതല. എന്നാൽ ഇതെല്ലാം പല സ്ഥലങ്ങളിലും ആരോഗ്യ പ്രവർത്തകർ, വാർഡ് അംഗങ്ങൾ എന്നിവരിലേക്ക് തന്നെ ചെന്നെത്തുകയാണ്. പലരും ഭയം മൂലമാണ് പ്രവർത്തനങ്ങളിൽ സജീവമാകാതിരിക്കുന്നത്.

സുരക്ഷാ ഉപകരണങ്ങളില്ല

ആർ.ആർ.ടി അംഗങ്ങളായി തെരഞ്ഞെടുത്തെങ്കിലും ഇവർക്ക് ആവശ്യമായ യാതൊരു സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടില്ല. ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസർ എന്നിവയെല്ലാം ഇവർ സ്വന്തം പണം ഉപയോഗിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ചില തദ്ദേശ സ്ഥാപനങ്ങൾ ആർ.ആർ.ടി അംഗങ്ങളാണെന്ന തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്.


സംസ്‌കാരത്തിൽ വിവാദവും മാതൃകയും


തൃശൂർ : ഏഴ് കൊവിഡ് രോഗികൾ മരിച്ചതിൽ ഒരിടത്ത് മാത്രമാണ് സംസ്‌കാരം സംബന്ധിച്ച് വിവാദം ഉയർന്നത്. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ചാലക്കുടി വി.ആർ പുരം സ്വദേശി ഡിനി ചാക്കോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ പള്ളിയുടെയും ഇടവകാംഗങ്ങളുടെയും എതിർപ്പ് ഉയർന്നിരുന്നു. ഒടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ടാണ് സംസ്‌കാരം നടത്തിയത്. എന്നാൽ ഞായറാഴച്ച മരിച്ച ഇരിങ്ങാലക്കുട സ്വദേശി വർഗീസിന്റെ സംസ്‌കാര ചടങ്ങ് മാതൃക ഉണർത്തുന്നതായി. പി.പി.പി കിറ്റ് ധരിച്ച് ഇടവക വികാരി അടക്കമുള്ളവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.