തൃശൂർ : സമ്പർക്ക സാദ്ധ്യത പരമാവധി ഒഴിവാക്കുകയെന്ന സന്ദേശമാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഓൺലൈനാക്കിയതിലൂടെ സർക്കാർ നൽകുന്നതെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. തൃശൂർ കളക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കാബിനറ്റ് യോഗം ഓൺലൈൻ വഴിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മന്ത്രിസഭാ യോഗം ഓൺലൈൻ വഴി നടക്കുന്നത്. അതാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം. പരിമിതമായ അംഗങ്ങൾ പങ്കെടുക്കുന്ന ഉന്നതമായ കാബിനറ്റ് യോഗം പോലും ഒഴിവാക്കണം എന്നാണിതിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം. കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. നമ്മൾ താമസിക്കുന്ന വീട്ടിലടക്കം അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്ത് സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.