മാള: കുഴൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ സി.പി.എം - സി.പി.ഐ തർക്കം രൂക്ഷമായി. തർക്കത്തെ തുടർന്ന് ഭരണസമിതി യോഗത്തിൽ നിന്ന് സി.പി.ഐ അംഗങ്ങൾ ഇറങ്ങിപ്പോയി. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം വീണ്ടും സജീവമാകുന്നതായാണ് സൂചന. അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ഇടയാക്കിയത്. കെ.വി. വസന്ത് കുമാർ ശുപാർശ ചെയ്ത അംഗത്വ അപേക്ഷ പരിഗണിക്കാതെ മാറ്റി വച്ചതാണ് ഇറങ്ങിപ്പോക്കിലും പ്രതിഷേധത്തിലും കലാശിച്ചത്.

നേരത്തെ പല തവണ മാറ്റി വച്ച അപേക്ഷയാണ് വീണ്ടും യോഗത്തിൻ്റെ പരിഗണയ്ക്കായി എത്തിയത്. ഭരണസമിതി ഒന്നാകെ നിരാകരിച്ച അപേക്ഷ വീണ്ടും മാറ്റിവയ്ക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചുവെന്നും,​ അതനുസരിച്ചാണ് പരിഗണിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് ബാങ്ക് പ്രസിഡൻ്റ് ടി.ഐ മോഹൻദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായ കാര്യം വീണ്ടും ഭരണ സമിതിയിൽ ചർച്ചയായത് മറ്റാരുടേയോ താത്പര്യത്താലാണെന്നാണ് സംശയിക്കുന്നതെന്നും ബാങ്ക് പ്രസിഡൻ്റ് വ്യക്തമാക്കി.

എന്നാൽ ഈ വിഷയത്തിൽ മാത്രമല്ല നിയമന കാര്യങ്ങളടക്കം സി.പി.എം ഏകാധിപത്യ രീതിയിലാണ് തീരുമാനം എടുക്കുന്നതെന്നാണ് സി.പി.ഐ നേതാക്കളുടെ ആരോപണം. മുന്നണിയിൽ എടുത്ത തീരുമാനമനുസരിച്ചാണ് അംഗത്വം തുടർന്നുള്ള ഭരണ സമിതി യോഗത്തിൽ വച്ചതെന്നാണ് സി.പി.ഐ ലോക്കൽ കമ്മിറ്റി നേതാക്കളുടെ വാദം. ഭരണ സമിതിയിൽ എൽ.ഡി.എഫ് ധാരണ പാലിക്കാതെയാണ് പ്രസിഡൻ്റ് തീരുമാനങ്ങൾ എടുക്കുന്നതെന്നും സി.പി.ഐ പ്രതിപക്ഷമായാണ് തുടരുന്നതെന്നും നേതാക്കൾ പറയുന്നു.