(അളഗപ്പയുടെ അദ്ധ്യായം-7)
പുതുക്കാട്: ടെക്‌സ്റ്റയിൽസ് വ്യവസായത്തിന് പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം സർക്കാരുകൾ പരിഹരിച്ചിരുന്നു. 1972ൽ നാഷണൽ ടെക്‌സ്റ്റയിൽസ് കോർപറേഷൻ രൂപീകരിക്കാൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മുൻകൈയെടുത്തത് ഇതിനൊരു ഉദാഹരണം. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലുമായി അക്കാലത്ത് ലക്ഷക്കണക്കിന് പേരാണ് മേഖലയിൽ തൊഴിലെടുത്തിരുന്നത്.
ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയില്ലാതെ മഹാരാഷ്ട്രയിൽ തൊഴിലാളികൾ ദത്താ സാമന്തിന്റെ കീഴിൽ അണിനിരന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് രാജ്യത്ത് പരുത്തിക്കൃഷി വ്യാപകമായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ഉദാരവത്കരണത്തോടെയാണ് ടെക്‌സ്റ്റയിൽ വ്യവസായത്തിലും പ്രതിസന്ധി രൂക്ഷമായത്.
നരസിംഹറാവുവിന്റെ കാലത്താണ് അളഗപ്പ മില്ലിന്റെയും ഭുമി വിൽപ്പന നടത്തിയത്. ഇക്കാലത്തിന് ശേഷം എൻ.ടി.സിയുടെ കീഴിൽ 24 മില്ലുകൾ മാത്രമാണ് നിലനിന്നത്. ഇതിൽ പതിനാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ ലഭിച്ചിരുന്ന ടെക്‌സ്റ്റയിൽ മേഖല ഏറെക്കുറെ നിശ്ചലമായതോടെ ഒട്ടേറെ പേർക്ക് തൊഴിൽ ലഭിക്കാതായി.
വലിയൊരു തൊഴിൽ മേഖല എന്നത്തേക്കുമായി ഇല്ലാതാക്കുന്ന നയം തിരുത്താൻ കേന്ദ്ര സർക്കാരിൽ സമർദ്ദം ചെലുത്താൻ ട്രേഡ് യൂണിയനുകൾ തയ്യാറാകണം. രാജ്യത്തെയും തൊഴിലാളികളെയും കരുതി അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് യോജിച്ചുള്ള ഒരു പോരാട്ടാത്തിലൂടെ മാത്രമേ അധികൃതരുടെ കണ്ണു തുറപ്പിക്കാനാകൂ.
ഇപ്പോഴുള്ള മില്ലുകൾ പൂർണ്ണമായും നവീകരിച്ച് ഉദ്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇതോടെ പരുത്തി കർഷകർ മുതൽ തുണിവ്യവസാത്തിന്റെ വിവിധ മേഖലകളിൽ കുതിച്ചുയരാൻ സാധിക്കും.
ഉദാരവത്കരണം വഴിവച്ചത്
രാജ്യത്തെ പരുത്തി ഉത്പാദനത്തിൽ ഉദാരവത്കരണം കുറവ് വരുത്തി. വ്യവസായം തുടങ്ങുമ്പോൾ ഇംഗ്‌ളണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ തന്നെയായിരുന്നു പ്രവർത്തനം നിറുത്തുമ്പോഴും മിക്ക മില്ലുകളിലും ഉണ്ടായിരുന്നത്. ഈ സമയം, ചൈനയിലും മറ്റ് രാജ്യങ്ങളും പുത്തൻ യന്ത്രവത്കരണത്തോടെ മനുഷ്യവിഭവശേഷി കുറച്ച് ഉത്പാദനം വർദ്ധിപ്പിച്ചു.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനേക്കാൾ വിലക്കുറവുള്ള നൂൽ ചൈനയിൽ നിന്നും തുണിമില്ലുകൾ വാങ്ങി തുടങ്ങി. ഇതെല്ലാം നഷ്ടത്തിന്റെ തോത് വർദ്ധിപ്പിച്ചു. കോട്ടൺ കോർപറേഷനാണ് എൽ.ടി.സി മില്ലുകൾക്ക് പഞ്ഞി നൽകിയിരുന്നത്. കർഷകരിൽ നിന്നും യഥാസമയം പരുത്തി ശേഖരിക്കാതിരിക്കുന്നതോടെ ഗുണമേന്മയുള്ള പഞ്ഞി മില്ലുകൾക്ക് ലഭിക്കാത്ത സ്ഥിതിയിലാക്കി. നരസിംഹറാവുവിന്റെ കാലത്തെ ഉദാരവത്കരണമാണ് ടെക്‌സ്റ്റയിൽസ് വ്യവസായത്തിന് അന്ത്യം കുറിച്ചത്.
നരസിംഹറാവുവിന്റെ കാലം
നഷ്ടത്തിലായ നൂറുകണക്കിന് മില്ലുകൾ പ്രവർത്തനം നിറുത്തി
എൻ.ടി.സിയുടെ കീഴിലെ ഒട്ടേറെ മില്ലുകൾ അവസാനിപ്പിച്ചു
മുംബയിലും മറ്റുമുള്ള എൻ.ടി.സി ഭൂമി വിറ്റു, വാങ്ങാൻ നിരവധപേർ
ഭൂമി വിറ്റ പണം കൊണ്ട് കടബാദ്ധ്യത തീർത്തു, ആനുകൂല്യം നൽകി
ദുർഭരണവും അഴിമതിയും
നാഷണൽ ടെക്‌സ്റ്റയിൽസ് കോർപറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥരിലെ വലിയൊരു വിഭാഗം കമ്മിഷൻ ഏജന്റുമാരായി മാറിയെന്നതാണ് വലിയ ആക്ഷേപം. നൂൽ വിൽപ്പന മുതൽ യന്ത്രങ്ങൾ വാങ്ങുന്നതു വരെ കമ്മിഷൻ ഇടപാട് നടക്കുന്നുവെന്നതാണ് അറിവ്.
അവസാന ആണി മോദി സർക്കാർ വക
പ്രവർത്തനം അവസാനിപ്പിച്ച ശേഷം സ്ഥലങ്ങൾ വിറ്റുകിട്ടിയ തുകയിൽ നിന്നും കടം വീട്ടിയതിനും തൊഴിലാളികളുടെ ആനുകൂല്യം നൽകിയതിനും ശേഷമുണ്ടായിരുന്ന 4000 കോടി രൂപ നാഷണൽ ടെക്‌സ്റ്റയിൽസ് കോർപറേഷന്റെ പേരിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നു. ഈ പണം അടുത്തിടെ മോദി സർക്കാർ പിൻവലിച്ചു. നഷ്ടത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങൾ പുനരുദ്ധരിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന പരാതിയും ട്രേഡ് യൂണിയനുകൾ ഉയർത്തുന്നുണ്ട്.
(അവസാനിച്ചു)