പാവറട്ടി: നിലംപൊത്താറായ വീട്ടിൽ അരക്ഷിതമായി ജീവിതം നയിക്കുന്ന വയോധികയായ അമ്മയ്ക്കും അവിവാഹിതയായ മകൾക്കും തുണയായി സുമനസുകളെത്തി. മകളുടെ സഹപാഠികളുടെ കൂട്ടായ്മയാണ് ദുരിതകഥയറിഞ്ഞ് സഹായ ഹസ്തവുമായെത്തിയത്. കാക്കശ്ശേരി കരുവള്ളി ജലജയും അമ്മ കാർത്യായനിയുമാണ് നിലം പൊത്താറായ വീട്ടിൽ ഭീതയോടെ കഴിയുന്നത്.
കേരളകൗമുദി ഇവരുടെ ദയനീയാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞാണ് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ 1984 ബാച്ച് സഹായഹസ്തവുമായി എത്തിയത്. ഈ ബാച്ചിലാണ് ജലജ എസ്.എസ്.എൽ.സി പൂർത്തിയാക്കിയത്. വീട് അടക്കം സ്വത്ത് ഭാഗം വച്ചതിനു പിന്നാലെയാണ് ജലജയുടെയും അമ്മയുടെയും ദുരിത ജീവിതം തുടങ്ങിയത്. താമസിക്കുന്ന വീട് പൊളിക്കേണ്ടി വരികയും മൂന്ന് സെന്റിൽ ഒറ്റമുറിയും അടുക്കളയും ശുചിമുറിയും അടങ്ങുന്ന ഭാഗത്തേക്ക് ജീവിതം ചുരുങ്ങുകയുമായിരുന്നു.
വീട് തകരുമെന്ന നിലവന്നപ്പോൾ മൂന്ന് വർഷം മുൻപ് എളവള്ളി പഞ്ചായത്തിൽ ലൈഫ് ഭവന നിർമാണ പദ്ധതിയലേക്ക് അപേക്ഷ നൽകി. എന്നാൽ, റേഷൻ കാർഡിലുള്ള സഹോദരൻ വിദേശത്താണെന്നും പാതി പൊളിച്ച വീട് ഓട് മേഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിച്ചില്ല. ഇവരോടൊപ്പം താമസമില്ലാത്ത സഹോദരന്റെ പേരിൽ ബി.പി.എൽ റേഷൻ കാർഡും നിഷേധിക്കപ്പെട്ടു. ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്നു കാട്ടി എം.എൽ.എയും കളക്ടറും സാക്ഷ്യപത്രം നൽകിയിട്ടും അത് പരിഗണിക്കപ്പെട്ടില്ല.
അവിവാഹിതയായ ജലജ വീട്ടു ജോലി ചെയ്തു കിട്ടുന്ന തുച്ഛ വരുമാനം മാത്രമാണ് ഏക ആശ്രയം. ജലജയുടെ ബാച്ചിലുണ്ടായിരുന്ന സി.എ. വിൻസെന്റ്, ജസ്റ്റിൻ തോമസ്, ഒ.കെ. പോളി, ഷാഫി തൈക്കാട്, ജോൺസൻ ജേക്കബ് എന്നിവർ ജലജയുടെ വീട്ടിലെത്തി സഹായവാഗ്ദാനം നൽകി. മൂന്ന് മാസത്തിനകം വീട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. പഞ്ചായത്തിന്റെ സഹായം ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്. പാവറട്ടി പൊലീസ് എസ്.എച്ച്.ഒ: എം.കെ. രമേഷും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ബാച്ച് അംഗങ്ങൾ പറഞ്ഞു.