ചേലക്കര: കൊവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ 46 കാരൻ ചേലക്കരയിൽ എത്തിയതിനാൽ ആദ്യ സമ്പർക്കത്തിൽപ്പെട്ട സുഹൃത്തുക്കളുടെ കൊവിഡ് പരശോധനാ ഫലം നെഗറ്റീവായി. ഫലം നെഗറ്റീവായതോടെ നൂറുകണക്കിന് പേർക്ക് ആശ്വാസമായി. ഹോട്ടൽ നടത്തിപ്പുകാരും തൊഴിലാളികളുമായി 10 പേരാണ് ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്നത്.

ചേലക്കരയിൽ തുടങ്ങിയ പുതിയ ഹോട്ടലിൽ കഴിഞ്ഞ 11, 12 തീയതികളിലാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ച ഇയാളെ 19 ന് ഞായറാഴ്ച ആശുപത്രിയലേക്ക് മാറ്റി. തുടർന്ന് ഹോട്ടലിൽ സമ്പർക്കത്തിലായ തൊഴിലാളികളും നടത്തിപ്പുകാരും അടക്കം 10 പേരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇവരുടെ സ്രവം പരശോധനയ്‌ക്കെടുത്തിട്ടുണ്ട്.

ഇതിനിടെ ഹോട്ടലിന്റെ നടത്തിപ്പുകാർ ചേലക്കര ടൗണിലുള്ള സൂപ്പർ മാർക്കറ്റുകളിലും മറ്റും എത്തിയിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനും ജനങ്ങളെത്തി. ഇതും കൂടി കണക്കിലെടുത്ത് ജാഗ്രതയുടെ ഭാഗമായി 3, 20, 21, 22, വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരുന്നു. ഇതിനിടെ കൊണ്ടാഴിയിൽ മരിച്ച വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി ക്വാറന്റൈനിൽ കഴിഞ്ഞ ആംബുലൻസ് ഡ്രൈവറുടെ പരശോധന ഫലവും നെഗറ്റീവ് ആയിട്ടുണ്ട്.

വിദേശത്തു നിന്ന് വന്ന് പങ്ങാരപ്പിള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന 28 കാരനായ യുവാവിന് ഇന്നലെ കോവിഡ് സ്ഥിതീകരിച്ചു. ഇതേത്തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.