ചാലക്കുടി: കോടശേരി പഞ്ചായത്തിൽ ഇന്നലെയും നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുന്നു. ഇതിൽ മൂന്നുപേർക്കും സമ്പർക്കം മൂലമായിരുന്നു വൈറസ് ബാധയുണ്ടായത്. സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന നാലാം വാർഡിലെ മണലായിയിൽ രണ്ടു പേർക്കു കൂടി രോഗമുണ്ടെന്ന വിവരമാണ് മേഖലയെ കൂടുതൽ ആശങ്കയിലാക്കുന്നത്.

ചികിത്സയിൽ തുടരുന്ന ടൈൽസ് നിർമ്മാണ തൊഴിലാളിയായ യുവാവിന്റെ മാതാപിതാക്കളിലാണ് രോഗബാധ തിരിച്ചറിഞ്ഞത്. ക്വാറന്റൈനിലായിരുന്ന ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. യുവാവിന്റെ രണ്ടു മക്കളും ചികിത്സയിലുണ്ട്. അയൽവാസിയായ മറ്റൊരു യുവാവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശം കണ്ടെയ്‌ൻമെന്റ് സോണായി തുടരുകയാണ്.

പതിനഞ്ചാം വാർഡായ കമ്മളത്ത് അറുപതുകാരിക്കാണ് രോഗം സ്ഥീരീകരിച്ചത്. പൊറത്തുശേരി സ്വദേശിനിയായ ഇവർ, മകളുടെ ചികിത്സാർത്ഥം വീട്ടിൽ എത്തിയതായിരുന്നു. ഇവരുടെ ഭർത്താവ് നേരത്തെ രോഗബാധിതനായി. ഇവരുടെ സമ്പർക്ക പട്ടിക വലുതാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന ചൗക്ക സ്വദേശിക്കാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ കോടശേരി പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പത്തായി. ഇതിൽ ആറ് പേർക്കും സമ്പർക്കം മൂലമാണ് രോഗം.