മാള: പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ പരിശോധനകൾക്കായി കാത്തിരിക്കുന്ന മാളക്കാർ അപ്രതീക്ഷിത ലോക്കിൽ. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ ആൻ്റിജൻ പരിശോധന നടത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതിനിടയിൽ മാള പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അടക്കമുള്ള മൂന്ന് പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തു.

പ്രാഥമിക സമ്പർക്കത്തിലുള്ളതായി ആരോഗ്യ വകുപ്പ് ആദ്യഘട്ടത്തിൽ കണ്ടെത്തിയത് 88 പേരെയാണ്. എന്നാൽ കൊവിഡ് പൊസിറ്റീവ് ആയ ആളുടെ പ്രാഥമിക സമ്പർക്ക പട്ടിക ഇനിയും കൂടുമെന്നാണ് സൂചന. ഇത് കണ്ടെത്താൻ ബാങ്ക്, സൂപ്പർ മാർക്കറ്റ്, പെട്രോൾ പമ്പ്, പള്ളി, പരിശോധന നടത്താൻ പോയ ആശുപത്രി എന്നിവിടങ്ങളിലെ നിരീക്ഷണ കാമറ വരെ പരിശോധിക്കേണ്ട അവസ്ഥയും നിലവിലുണ്ട്. ഇക്കാര്യവും ആരോഗ്യ വകുപ്പ് പരിഗണിക്കുന്നുണ്ട്. മാള പഞ്ചായത്തിലെ 14 വാർഡുകളിൽ പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

വിപുലമായ സമ്പർക്ക പട്ടികയുള്ളത് കണക്കിലെടുത്താണ് രോഗം പടരാതിരിക്കാൻ മുൻകരുതലായി പഞ്ചായത്ത് പൂർണമായി അതി നിയന്ത്രിത മേഖലയാക്കിയത്. സാമൂഹികബന്ധമുള്ള പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ പരിശോധനാ ഫലത്തിനായി ഉറ്റുനോക്കുകയാണ് നാട് മുഴുവൻ. രണ്ടാം സമ്പർക്ക പട്ടികയിൽ ആയിരത്തിലധികം പേർ വന്നേക്കാമെന്നാണ് സൂചന.

അതുകൊണ്ട് പൊലീസും ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നിയന്ത്രണം കർശനമായി നടപ്പാക്കുകയാണ്. പഞ്ചായത്തിലേക്കുള്ള 80 ഓളം ചെറു റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണം കടുത്ത രീതിയിലാക്കാനാണ് ശ്രമം. പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക് രോഗലക്ഷണം കാണിക്കുകയോ പരിശോധനാ ഫലം നെഗറ്റീവ് ആയോ വന്നാൽ മാത്രമേ അതിനിയന്ത്രണം ഒഴിവാക്കാനാകൂ. അതു കൊണ്ട് തന്നെ ഈ അതിനിയന്ത്രണത്തിന് സമയപരിധി നിശ്ചയിക്കാനുമാകില്ല.

വിദേശത്തേക്ക് തിരിച്ച് പോകാനുള്ള അനുമതി രേഖയ്ക്കായി പരിശോധിച്ചപ്പോഴാണ് കോട്ടവാതിൽ സ്വദേശിക്ക് പൊസിറ്റീവ് ആയത്. ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഇയാളുടെ സമ്പർക്ക പട്ടിക വിപുലമായതാണ് കണ്ടെയ്ൻമെൻ്റ് സോൺ വിപുലമാക്കിയത്. പുത്തൻചിറ പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ കൂടി അതി നിയന്ത്രണം ഏർപ്പെടുത്തി. പകരപ്പിള്ളി (2) , ശാന്തിനഗർ (3), കിഴക്കുംമുറി (4) , സദനം (5), പുത്തൻചിറ കിഴക്ക് (7), കരിങ്ങാച്ചിറ (8), മാണിയംകാവ് (14) എന്നീ വാർഡുകളെയാണ് കണ്ടെയ്ൻമെൻ്റ് മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.