kk
രാജേശ്വരിയും മകൻ വൈശാഖും

കാഞ്ഞാണി: മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ താമസ സൗകര്യം ലഭിച്ച അമ്മയ്ക്കും മകനും വീണ്ടും തെരുവുകളെ ആശ്രയിക്കേണ്ട ഗതികേട്. കാരമുക്ക് സ്വദേശിയും 12ാംവാർഡ് വടക്കേടത്തുവീട്ടിൽ രാജേശ്വരിയ്ക്കും മകനുമാണ് താമസ സ്ഥലം നഷ്ടമാകുമോ എന്ന ആശങ്കയുള്ളത്. ഗുരുവായൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയിരുന്ന ഈ അമ്മയ്ക്കും മകനും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ റവന്യുവകുപ്പും മണലൂർ പഞ്ചായത്തും ഏറ്റെടുത്ത് താൽക്കാലിക താമസസൗകര്യം ഒരുക്കി നൽകിയിരുന്നു. എന്നാൽ വാടക കുടിശിക നൽകാത്തതിനാൽ ഫ്‌ളാറ്റ് ഉടമ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. പഞ്ചായത്ത് അധികൃതരും കൈയൊഴിഞ്ഞതോടെ എങ്ങോട്ട് പോകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇരുവരും. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കാനും പഞ്ചായത്ത് തയ്യാറായിട്ടില്ല.
രാജേശ്വരിയും മകനായ കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി വൈശാഖും അന്തിയുറങ്ങിയിരുന്നത് തെരുവുകളിലായിരുന്നു. വൈശാഖിന്റെ പഠനം തെരുവ് വിളക്കിന്റെ വെളിച്ചത്തിലുമായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടികളുണ്ടായത്. 2016ലാണ് സംഭവം. വീടുംസ്ഥലവും കണ്ടെത്തുന്നതുവരെ താൽക്കാലികമായി രാജേശ്വരിക്കും മകനും താമസസൗകര്യം ഒരുക്കി കൊടുക്കണമെന്നും മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതായി അന്നത്തെ കളക്ടർ വി. സതിശൻ അറിയിച്ചിരുന്നു.
അമ്മയേയും മകനേയും ഏറ്റെടുക്കാമെന്നും രാജേശ്വരിയ്ക്ക് ജോലിനൽകാമെന്നുമടക്കമുള്ള ഒട്ടേറെ സഹായ വാഗ്ദാനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പട്ടില്ലെന്നു മാത്രമല്ല സർക്കാർ സഹായം കൂടി ഇല്ലാതാകുമെന്ന അവസ്ഥയിലാണിവർ.
കണ്ടശ്ശാംകടവ് മാമ്പുള്ളി റോഡിൽ ഒരു സ്വകാര്യവ്യക്തിയുടെ ഫ്‌ളാറ്റിൽ 4000 രൂപ വാടകയ്ക്കാണ് ഇവർക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രിയുടെ സഹായമായി കിട്ടിയ 1,35,000 രൂപ മൂന്നുവർഷത്തെ വാടക നൽകിയതോടെ തീർന്നു. അതിനിടയിൽ മുൻപത്തെ ഉടമ ഫ്‌ളാറ്റ് കൈമാറ്റം നടത്തിയിരുന്നു. അതിനാൽ ഇപ്പോഴത്തെ ഉടമയ്ക്ക് ഒന്നരവർഷത്തെ വാടക കുടിശികയിനത്തിൽ കൊടുക്കാനുള്ളതിനാലാണ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
രാജേശ്വരിയുടെ പേരിൽ ഭൂമിയില്ല. അമ്മയുടെ കുടുംബസ്വത്ത് 11.30സെന്റാണുള്ളത്. അതിൽ വേറെ അവകാശികളുമുണ്ട്. ഈ പേരും പറഞ്ഞാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താതെ പഞ്ചായത്ത് അധികൃതർ കൈയ്യൊഴിയുന്നത്. വീട്ടുപണി ചെയ്താണ് രാജേശ്വരിയും മകനും ജീവിക്കുന്നത്. കേടായ ടി.വിക്ക് മുന്നിലിരുന്നാണ് വൈശാഖിന്റെ ഓൺലൈൻ പഠനം. എന്നാൽ താമസവും പഠനവും ഇല്ലാതാകുമെന്ന ഭീതിയിൽ കഴിയുകയാണിപ്പോൾ ഈ അമ്മയും മകനും.

............................
പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ രാജേശ്വരിയുടെ പേരിൽ ഭൂമി ഉള്ളതിനാലാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താതിരുന്നത്.
വിജി ശശി (പഞ്ചായത്ത് പ്രസിഡന്റ് മണലൂർ)

......................
രാജേശ്വരിയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താഹസിൽദാർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സ്വന്തം പേരിൽ ഭൂമിയുള്ളതിനാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുള്ള ഭരണസമിതി തീരുമാനമാണ് സെക്രട്ടറി മറുപടിയായി നൽകിയിരിക്കുന്നത്. ആധാരം പരിശോധിച്ചപ്പോൾ രാജേശ്വരിയുടെ അമ്മയുടെ കുടുംബസ്വത്താണിതെന്നും അതിൽ അവകാശികളുണ്ടെന്നും മനസിലായി. രാജേശ്വരിയുടെ പേരിൽ ഭൂമി ഉള്ളതായി കണ്ടെത്താനായിട്ടില്ല. റിപ്പോർട്ട് താഹസിൽദാർക്ക് സമർപ്പിച്ചതിനെ തുടർന്നാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ താഹസിൽദാർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്.
ധന്യ (വില്ലേജ് ഓഫീസർ കാരമുക്ക്)