കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിന്റെ കടലാക്രമണം രൂക്ഷമായ തീര പ്രദേശവാസികൾക്ക് സർക്കാർ ആവിഷ്‌കരിച്ച പുനർഗൃഹം പദ്ധതിയിലൂടെ 408 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചു. പദ്ധതിയുടെ അവസ്ഥ വിലയിരുത്താൻ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു ചേർത്തു.
പദ്ധതിയുടെ ഗുണഭോക്താക്കളായ തീരദേശ വാസികളിൽ നിന്ന് അപേക്ഷയോടൊപ്പം അനുയോജ്യമായ സ്ഥലം കണ്ടെത്താനും, പദ്ധതിയുടെ സംശയ നിവാരണങ്ങൾക്കായി ഹെൽപ്പ് ഡെസ്‌ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജൂനിയർ സൂപ്രണ്ട്, തീരദേശ മെമ്പർമാർ, വില്ലേജ് ഓഫീസർ, ഫിഷറീസ് ഓഫീസർ, ചുമതലയുള്ള മോട്ടിവേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് ഹെൽപ്പ് ഡെസ്‌ക് കമ്മിറ്റി. നിലവിൽ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി 9 പേരുടെ രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. 17 പേർക്ക് രജിസ്‌ട്രേഷൻ നൽകാനും അനുവാദം നൽകിയിട്ടുണ്ട്. 43 പേരുടെ ലീഗൽ സ്ക്രൂട്ടിനിയും സമർപ്പിച്ചിട്ടുണ്ട്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ്, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ സിദ്ദീഖ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി ജയന്തി, പ്രൊജക്ട് കോർഡിനേറ്റർ രഞ്ജിനി കെ. ദാസൻ തുടങ്ങിയവർ പങ്കെടുത്തു.