കൊടകര: മറ്റത്തൂർ പഞ്ചായത്തിൽ മൂന്ന് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതിൽ ഏറെ ആശ്വാസം. ആദ്യഘട്ടത്തിൽ അടച്ച വാർഡുകളായ വെള്ളിക്കുളങ്ങര, മോനൊടി, വാസുപുരം വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഈ വാർഡുകളിൽ ടെസ്റ്റിന് വിധേയമായവരുടെയെല്ലാം കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
ആരോഗ്യ പ്രവർത്തകന്റെയും കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെയും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 89 പേരെ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി. കൊടകര പഞ്ചായത്തിൽ രണ്ടാം വാർഡിലെ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടെസ്റ്റിന് വിധേയമായ ആറുപേരുടെ ഫലം നെഗറ്റീവായി.
പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാൾ, പോങ്കോത്ര, പറപ്പൂക്കര വാർഡുകളിലായി നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. പോസിറ്റീവായവരുടെ സമ്പർക്ക ലിസ്റ്റ് ആരോഗ്യവകുപ്പ് ശേഖരിച്ചുവരുന്നു.