covid

തൃശൂർ : ആശങ്ക ജനിപ്പിച്ച് ആദ്യമായി കൊവിഡ് ബാധ നൂറ് കടന്നു. ജനുവരി 30 ന് ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് രോഗം ഇത്രയധികം പേരിൽ സ്ഥിരീകരിക്കുന്നത്. നേരത്തെ 86 പേർക്ക് സ്ഥിരീകരിച്ചിരുന്നു. ഭീതി പടർത്തി ഇരിങ്ങാലക്കുട കെ.എൽ.എഫ് ക്ലസ്റ്ററിലും കെ.എസ്.ഇ ക്ലസ്റ്ററിലും കുന്നംകുളം ക്ലസ്റ്ററിലും രോഗം അതിവേഗം പടരുന്നതാണ് ആശങ്ക ഉയർത്തുന്നത്.

പട്ടാമ്പി ക്ലസ്റ്ററിലും ഇരിങ്ങാലക്കുട ക്ലസ്റ്ററിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേരുടെ ഉറവിടം കണ്ടെത്താനായില്ല. ഇന്നലെ മാത്രം 79 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതും ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടുതലാണ്.

45 പേർ രോഗമുക്തരായി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ 17 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തൻ മാർക്കറ്റിൽ ചുമട്ടു തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മാർക്കറ്റ് ഇന്നലെ വൈകീട്ട് അടച്ചു. അതേ സമയം ചുമട്ടു തൊഴിലാളികളുടെ കണക്ക് ഇന്നലെ ലഭിച്ചിട്ടില്ല.

പ്രധാന ക്ലസ്റ്ററുകളും രോഗബാധയും


കുന്നംകുളം 14
കെ.എസ്.ഇ 13
കെഎൽ.എഫ് 9
പട്ടാമ്പി 9
ഇരിങ്ങാലക്കുട 5
ചാലക്കുടി 4
ബി.എസ്.എഫ് 1

രോഗം സ്ഥിരീകരിച്ചവർ 1283
സമ്പർക്കം 516
ഉറവിടമറിയാത്ത കേസുകൾ 19
മരണം 7
ആശുപത്രികളിൽ കഴിയുന്നവർ 450
നിരീക്ഷണത്തിൽ കഴിയുന്നവർ 12,792
വീടുകളിൽ 12,329
ആശുപത്രികളിൽ 463
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 29,235
ഫലം ലഭിച്ചത് 27,911