വാടാനപ്പിള്ളി: മഴ മാറിനിന്നിട്ടും തീരദേശമേഖലയിൽ കടലേറ്റം ശക്തമായി തുടരുന്നു. നാട്ടിക പള്ളം ബീച്ച്, തളിക്കുളം നമ്പിക്കടവ്, തമ്പാൻകടവ്, വാടാനപ്പിള്ളി സെയ്‌നുദ്ദീൻ നഗർ, പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, ചേറ്റുവ എന്നിവിടങ്ങളിൽ തിരയേറ്റം രൂക്ഷമായി. സെയ്‌നുദ്ദീൻ നഗറിൽ തീരദേശ റോഡ് തകർത്ത് തിരമാലകൾ നൂറ് മീറ്ററോളം കരയിലേയ്ക്ക് കയറി. പ്രദേശം കടൽ വെള്ളത്തിൽ മുങ്ങി. തമ്പാൻകടവിൽ നിരവധി തെങ്ങുകൾ കടലെടുത്തു.
സ്വകാര്യ റിസോർട്ടിനു പിറകിൽ കല്ലുകൾ നിരത്തി ഉടമ സംരക്ഷണ ഭിത്തി നിർമ്മിച്ചത് ഇരു വശങ്ങളിലേക്കും കടൽ കയറാനിടയാക്കിയിട്ടുണ്ട്. റിസോർട്ട് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി.
തളിക്കുളം സ്‌നേഹതീരം പാർക്കിന് ഇരുവശങ്ങളിലും തിരമാലകൾ കരയിലേയ്ക്ക് ആഞ്ഞടിക്കുന്നുണ്ട്. നാട്ടിക പള്ളം ബീച്ചിൽ തെങ്ങുകളും തീരവും കടൽ വിഴുങ്ങി. ചേറ്റുവ അഴിമുഖത്തിനു തെക്ക് എൺപതോളം വീടുകളെ കടലേറ്റം ബാധിച്ചു. പൊക്കുളങ്ങര ബീച്ചിൽ കടൽഭിത്തി കൂടുതൽ തകർന്നു. ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാൽ തീരദേശവാസികൾ ഭീതിയിലാണ്.