മാള: മാള പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്പർക്ക പട്ടിക വിപുലമായതിനാൽ ആന്റിജൻ പരിശോധന നടത്തുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് മാള പഞ്ചായത്ത് ഹാളിൽ പരിശോധന നടത്തുന്നത്. 150 പേർക്കുള്ള പരിശോധനാ കിറ്റാണ് ഇതിനായി കൊണ്ടുവന്നിട്ടുള്ളത്. അന്നു തന്നെ മുഴുവൻ ഫലങ്ങളും ലഭിക്കുന്ന തരത്തിലാണ് പരിശോധന നടക്കുന്നതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സി.എ വേണു അറിയിച്ചു.
ആദ്യ രണ്ട് ദിവസത്തിൽ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ അടുത്ത ദിവസം തുടരുകയുള്ളൂ. ഇപ്പോൾ സമ്പർക്ക പട്ടികയിലുള്ളവർക്ക് മാത്രമാണ് പരിശോധന. പ്രാഥമിക സമ്പർക്ക പട്ടികയിൽ 150 ഓളം പേരുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. മാള പഞ്ചായത്ത് പ്രദേശം പൂർണമായി കണ്ടെയ്ൻമെന്റ് മേഖലയാക്കിയതിൽ മാറ്റം വരുത്തണമെങ്കിൽ ഈ പരിശോധനാ ഫലങ്ങൾ നിർണായകമാകും. 14 വാർഡുകളിലാണ് ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നത്.
എന്നാൽ സമൂഹവ്യാപന സാദ്ധ്യത ഒഴിവാക്കാനാണ് പഞ്ചായത്ത് പൂർണമായി അതിനിയന്ത്രിത മേഖലയാക്കി അടച്ചത്. അതേസമയം കണ്ടെയ്ൻമെന്റ് മേഖല നിശ്ചയിക്കുന്നതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പുത്തൻചിറ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് മേഖലകളിൽ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ഒരുക്കിയ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ അവലോകന യോഗം നടത്തിയെന്ന് പ്രസിഡന്റ് വി.എ. നദീർ അറിയിച്ചു.