തൃശൂർ : വലപ്പാട് നിന്ന് കാറിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് പതിനഞ്ച് വർഷവും രണ്ട് പ്രതികൾക്ക് 14 വർഷവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ കൊല്ലം പ്ലാപ്പള്ളിയിൽ മുട്ടക്കാട്ടിൽ ഗ്യാസ് രാജേന്ദ്രൻ എന്നറിയപ്പെടുന്ന രാജേന്ദ്രൻ (57), മൂന്നാം പ്രതിയായ ഇടുക്കി മുനിയറ കല്ലേപുളിക്കൽ പവിത്രൻ (52) എന്നിവരെ 15 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ. ആർ. മധുകുമാർ ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കൽ അനിൽ എന്ന ലൈലേജ് (47), നാലാം പ്രതിയായ ഇടുക്കി ജില്ല വാത്തിക്കുടിയിൽ കോണിപ്പാട്ട് ഷിജു എന്ന സിജി (44) എന്നിവരെ 14 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് വിധിച്ചത്. കഞ്ചാവ് കേസിൽ ഇത്രയ്ക്കും കടുത്ത ശിക്ഷാ വിധി ആദ്യമാണ്. കാറിലും, പിക്കപ്പ് വാനിലുമായി 68.52 കിലോ കഞ്ചാവ് വില്പനയ്ക്കായി കടത്തിയത് പിടികൂടിയ കേസിലാണ് ശിക്ഷ.
ജില്ലയിലെ കഞ്ചാവ് വേട്ടകളിൽ ഒന്ന്
2017 മേയ് 27 നാണ് കേസിനാസ്പദമായ സംഭവം. വലപ്പാടിനടുത്തുള്ള കോതകുളം ബീച്ചിൽ വാഹനങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നതിന് സംഘമെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വലപ്പാട് സി.ഐ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തു പോയി പ്രതികളെ പിടികൂടിയത്. കാറിനുള്ളിലെ ഡിക്കിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. കാറിന്റെ ഡിക്കിക്കുള്ളിൽ 25.79 കിലോയും, പിക്കപ്പ് വാനിലെ രഹസ്യ അറയിൽ 42.73 കിലോ കഞ്ചാവും അടക്കം ആകെ 68.52 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നായിരുന്നു ഇത്. വലപ്പാട് സി.ഐയായിരുന്ന സി.ആർ സന്തോഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഹൈക്കോടതിയിലും, ജില്ലാ കോടതിയിലും, നിരവധി തവണ പ്രതികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും നേടാനായില്ല. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അതിവേഗം വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. പ്രൊസിക്യൂഷനായി പബ്ലിക് പ്രൊസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ, അഭിഭാഷകരായ പി.കെ മുജീബ്, പി.ആർ ശിവ, ശ്രീപ്രിയ രമേഷ് എന്നിവർ ഹാജരായി.