തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കുന്നംകുളം നഗരസഭയിലെ 21ാം ഡിവിഷൻ, കയ്പമംഗലം പഞ്ചായത്തിലെ 16, 18, 20 വാർഡുകൾ, എരുമപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ്, ചാഴൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
രോഗവ്യാപന സാദ്ധ്യത കുറഞ്ഞതിനെ തുടർന്ന് കോർപറേഷനിലെ 36ാം ഡിവിഷൻ, വേളൂക്കര പഞ്ചായത്തിലെ ഏഴാം വാർഡ്, പോർക്കുളം പഞ്ചായത്തിലെ 11ാം വാർഡ്, ചേലക്കര പഞ്ചായത്തിലെ മൂന്ന്, 20, 21, 22 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. മറ്റ് പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും.
20 ജീവനക്കാരുടെ ഫലം നെഗറ്റീവ്
തൃശൂർ: മെഡിക്കൽ കോളേജിൽ ജനറൽ വാർഡിൽ രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ജീവനക്കാരിൽ 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ജനറൽ വാർഡിൽ രോഗികളെ പരിചരിച്ചിരുന്ന 108 ജീവനക്കാരാണ് നിരീക്ഷണത്തിൽ പോയത്. ഇതിൽ ലോ റിസ്കിൽപെട്ട 71 പേരിൽ 20 പേരുടെ സ്രവ പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്.
ഇത് മുഴുവൻ നെഗറ്റീവായത് ആശ്വാസം നൽകുന്നതായി. നേരത്തെ ലോ റിസ്കിൽ ഉള്ളവരെ പരിശോധിക്കാൻ നിയമം അനുവദിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പരിശോധന ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ജീവനക്കാർ പ്രതിഷേധം അറിയിച്ചതോടെ പരിശോധനാ ഫലം വന്ന ശേഷമേ ജോലിക്ക് ഹാജരായാൽ മതിയെന്ന് അധികൃതർ സമ്മതിക്കുകയായിരുന്നു.
ട്രീറ്റ്മെൻ്റ് സെൻ്ററുകൾക്കായി അഞ്ച് കെട്ടിടം ഏറ്റെടുത്തു
തൃശൂർ: സി.എഫ്.എൽ.ടി.സി, ആർ.ക്യു.എഫ്.സി കേന്ദ്രങ്ങൾക്കായി അഞ്ച് കെട്ടിടം ഏറ്റെടുത്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും റീവേഴ്സ് ക്വാറന്റൈൻ ഫെസിലിറ്റീസ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനായാണ് കെട്ടിടം ഏറ്റെടുത്ത് ജില്ല കളക്ടർ ഉത്തരവായത്.
ചാലക്കുടി താലൂക്കിലെ മാള പഞ്ചായത്തിൽ 200 കിടക്കകൾ സജ്ജീകരിക്കാവുന്ന അൽഫോൺസ ഹോസ്റ്റൽ ഏറ്റെടുത്തു. തൃശൂർ താലൂക്കിൽ കോലഴി പഞ്ചായത്തിലെ 50 കിടക്കകൾ സജ്ജീകരിക്കാവുന്ന പോട്ടോർ വില്ലേജിലെ വെസ്റ്റ് ഫോർട്ട് നഴ്സിംഗ് സ്കൂൾ ഏറ്റെടുത്തു. തൃശൂർ കോർപറേഷനിലെ വിയ്യൂർ വില്ലേജിലെ ചേറൂർ വിമല കോളജ് ഇൻഡോർ സ്റ്റേഡിയം (80 കിടക്കകൾ), വെള്ളാനിക്കര വില്ലേജിൽ കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ മെസ് ഹാൾ (80 കിടക്കകൾ), അച്യുതമേനോൻ ബ്ലോക്ക് (6080 കിടക്കകൾ) എന്നിവയുമാണ് ഏറ്റെടുത്തത്. കേന്ദ്രങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ചുമതല ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർപേഴ്സനായ മാനേജിംഗ് കമ്മിറ്റിക്കാണ്.