തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി ആയുർവേദ പ്രതിരോധമരുന്നുകൾ ലഭ്യമാക്കിയ ജില്ലയിലെ 21500 പേരിൽ ഇതുവരെ കൊവിഡ് ബാധിതരായത് നൂറോളം മാത്രം. 21050 പേർ വീടുകളിൽ ക്വാറന്റൈനിലുളളവരാണ്, 450 പേർ സ്ഥാപനങ്ങളിലും. ആയുർവേദ പ്രതിരോധമരുന്നുകൾ ലഭിച്ചവരിൽ കൊവിഡ് സാദ്ധ്യത വളരെ കുറഞ്ഞതായാണ് ഭാരതീയ ചികിത്സാവകുപ്പിന്റെ പ്രാഥമികനിഗമനം.
രോഗം വന്നവരിൽ ആരും തന്നെ ഗുരുതരാവസ്ഥയിലേക്ക് എത്തിയില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുമെന്ന് ഉറപ്പുളളവർക്കാണ് കഷായവും ഗുളികകളും ചൂർണ്ണവുമെല്ലാം നൽകിയത്. ക്വാറന്റൈനിന്റെ ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുകയായിരുന്നു. അവരെ ഫോണിൽ വിളിച്ച് പദ്ധതിയെപ്പറ്റി വിശദീകരിച്ച ശേഷമാണ് മരുന്നുകൾ നൽകുന്നത്. ഇവരുടെ വിവരങ്ങൾ ഫോണിലൂടെ ശേഖരിക്കും.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മരുന്ന് കൊടുത്തവരുടെ എണ്ണം അടക്കം സംസ്ഥാന സെല്ലിന് റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. അമൃതം പദ്ധതി ആയുർരക്ഷാ ക്‌ളിനിക്കുകൾ വഴിയാണ് നടക്കുന്നത്. സുഗമമായ പ്രവർത്തനങ്ങൾക്കായി എല്ലാ ആയുർരക്ഷാ ക്‌ളിനിക്കുകളിലും ആയുർരക്ഷാ ടാസ്‌ക് ഫോഴ്‌സുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ടാസ്‌ക് ഫോഴ്‌സ് മുഖേനയാണ് ക്വാറന്റൈനിലുളളവർക്ക് ആയുർവേദ പ്രതിരോധമരുന്നുകൾ വീട്ടിൽ എത്തിച്ചുനൽകുന്നത്.
കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനായി ആയുർവേദത്തിൽ അനുശാസിക്കുന്ന ജീവിതചര്യാ ക്രമീകരണങ്ങളും മരുന്നുകളും ഉപയോഗപ്പെടുത്തി, സ്വാസ്ഥ്യം, സുഖായുഷ്യം പദ്ധതികളും ക്‌ളിനിക്കുകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ക്വാറന്റൈനിലുളളവർക്ക് പ്രതിരോധമരുന്നുകൾക്കായി അടുത്തുളള ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ബന്ധപ്പെടാം.
....................
മേയ് പകുതിയോടെയാണ് ജില്ലയിൽ അമൃതം പദ്ധതി തുടങ്ങിയത്. കൃത്യമായി മരുന്ന് കഴിക്കുമെന്ന് ഉറപ്പുവരുത്തിയാണ് മരുന്നുകൾ നൽകിയത്. തുടർദിവസങ്ങളിൽ ഇവരുടെ രോഗവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മരുന്നുകൾ ആവശ്യാനുസരണം ലഭ്യമായാൽ കൂടുതൽ പേരിലേക്ക് പദ്ധതി വ്യാപിപ്പിച്ച് രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാനാകും.
- ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്
.......................................
ആയുർരക്ഷാ ക്‌ളിനിക്കുകൾ: 117
ഗവ. ആയുർവേദ ഡിസ്‌പെൻസറികൾ
ഗവ. ആയുർവേദ ആശുപത്രികൾ.
ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജ്.
.................
സുഖായുഷ്യം:
* അറുപത് വയസ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമുളള പ്രത്യേകം പദ്ധതി.
* മരുന്നുകൾ നൽകിയത്: 13488 പേർക്ക്
................
സ്വാസ്ഥ്യം:
* അറുപത് വയസിന് താഴെയുളളവർക്കായുളള ചികിത്സാപദ്ധതി.
* മരുന്നുകൾ നൽകിയത്: 20016 പേർക്ക്
..................
പുനർജ്ജനി
* കൊവിഡ് രോഗശമനത്തിനു ശേഷമുള്ള ആരോഗ്യപുനഃസ്ഥാപനത്തിനും രോഗം വീണ്ടും വരാതിരിക്കുന്നതിനും
* മരുന്നുകൾ നൽകിയത്: 192 പേർക്ക്