krishi
മാള പഞ്ചായത്തിലെ കുരുവിലശ്ശേരിയിൽ പാടശേഖരത്തിൽ പയർ വിളവെടുക്കുന്നു

മാള: സുഭിക്ഷ കേരളം പദ്ധതിയിൽ സുഭിക്ഷമായ വിളവെടുപ്പ് നടത്തുന്ന കർഷക കൂട്ടായ്മ മാതൃകയാകുന്നു. മാള പഞ്ചായത്തിലെ കുരുവിലശ്ശേരിയിൽ തരിശായി കിടന്നിരുന്ന എട്ട് ഏക്കർ പാടശേഖരമാണ് ഇവർ വിളനിലമാക്കി മാറ്റിയത്. നെൽവയലിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന ഘട്ടത്തിൽ കാടുകയറിയ ഇടമാണ് ഹരിതാഭമാക്കിയത്.

ചീര, വെണ്ട, കപ്പ, വിവിധ ഇനം നാടൻ പയർ, കൂർക്ക, തക്കാളി, പാവലം, പടവലം, പച്ചമുളക്, ചെണ്ടുമല്ലി പൂവ് തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്. ഇതിൽ കപ്പയും ചെണ്ടുമല്ലിപ്പൂവും ഒഴികെയുള്ളവ വിളവെടുപ്പ് ആരംഭിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയിൽ കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് കൃഷിയിറക്കിയിട്ടുള്ളത്.

ആവശ്യക്കാർക്ക് പച്ചക്കറികൾ വീട്ടിലെത്തിച്ചുനൽകാനും ഇവർക്ക് കഴിയുന്നുണ്ട്. രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയിട്ടുള്ളത്. എട്ട് ഏക്കറിൽ പകുതി സ്ഥലവും കപ്പയാണ്. ജോൺസൺ വാഴ്‌വേലി, വിനോദ് വിതയത്തിൽ എന്നിവരാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ, സെക്രട്ടറി നിക്‌സൺ, ബാങ്ക് ഡയറക്ടർമാർ എന്നിവർ കൂട്ടായ്മയിൽ പങ്കാളികളാണ്.