തൃശൂർ: ഒക്ടോബർ അവസാന വാരമോ നവംബർ ആദ്യവാരമോ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന തരത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തനം ആരംഭിച്ചതോടെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി. സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും മത്സരിക്കാൻസാദ്ധ്യതയുള്ളവർ ഇതിനോടകം പ്രവർത്തന രംഗത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്.
മുൻ തിരഞ്ഞെടുപ്പുകളെ പോലെ കാടിലക്കിയുള്ള പ്രചരണം കൊവിഡിന്റെ പശ്ചാത്തലത്തിൽ സാധിക്കില്ലായെന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. അത് മറികടക്കാനുള്ള പ്രചരണ തന്ത്രം ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു. ജില്ലയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് ഭരണത്തിനൊപ്പം ഭൂരിഭാഗം നഗരസഭകളും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.
തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മറ്റ് പാർട്ടികളിൽ നിന്ന് പ്രവർത്തകരെ അടർത്തിയെടുക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാകുന്നുണ്ട്.
വികസന രേഖ ജനങ്ങളിലെത്തിക്കും
എൽ.ഡി.എഫ് ഭരിക്കുന്ന കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ട എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകി വരുന്നുവെന്നതാണ് പ്രധാനം. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ എല്ലാ വീടുകളിലും എത്തിക്കുന്ന പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു വരികയാണ് . പ്രളയകാലത്തും കൊവിഡ് കാലത്തും നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. സമൂഹ അടുക്കളയും മറ്റും ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
- എം.എം. വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി
വാർഡ് തല പ്രവർത്തനം തുടങ്ങി
ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിച്ചെടുക്കാനുള്ള പ്രവർത്തനമാണ് ഇത്തവണ യു.ഡി.എഫ് നടത്തുന്നത്. 13 നിയോജക മണ്ഡലങ്ങളിലും ഇതിനായി ഡി.സി.സി ജനറൽ സെക്രട്ടറിമാരെ നിയോഗിച്ച് കഴിഞ്ഞു. വാർഡ്തല കമ്മിറ്റികൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്നുണ്ട്. എൽ.ഡി.എഫിന്റെ സ്വജനപക്ഷപാതത്തിനുള്ള തിരിച്ചടിയാകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. കൊവിഡ് പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന്റെ പിടിപ്പുകേടും തിരഞ്ഞെടുപ്പിൽ ചർച്ചയാകും.
- പത്മജ വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി
പ്രാദേശിക സമിതികൾ രൂപീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വാർഡ്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളെ കുറിച്ച് താഴെത്തട്ടിലെത്തിക്കുന്ന പ്രചാരണ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു. ഇത്തവണ കൂടുതൽ പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഭരണസമിതികൾ നടത്തുന്ന സ്വജനപക്ഷപാതവും വികസന മുരടിപ്പും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും
- അഡ്വ. കെ.കെ. അനീഷ് കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്