തൃശൂർ: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും ഓഫീസുമായും ബന്ധപ്പെടുത്തി എൻ.ഐ.എ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരങ്ങളുടെ ഭാഗമായി ജില്ലയിലെ എം.പിമാരും എം.എൽ.എയും സത്യഗ്രഹം ഇരിക്കും. ടി.എൻ. പ്രതാപൻ എം.പി ആഗസ്റ്റ് മൂന്നിന് എം.പിയുടെ ഓഫീസിൽ രാവിലെ പത്ത് മുതൽ സത്യഗ്രഹം ഇരിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചാലക്കുടി എം.പി. ബെന്നി ബഹ്നാൻ അങ്കമാലിയിലെ വീട്ടിലും രമ്യ ഹരിദാസ് ആലത്തൂരിലെ ഓഫീസിലും അനിൽ അക്കര എം.എൽ.എ വടക്കാഞ്ചേരി ഓഫീസിലും സത്യഗ്രഹം ഇരിക്കും. ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി അദ്ധ്യക്ഷനായി. കെ.ആർ. ഗിരിജൻ, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹിമാൻ കുട്ടി, സി.എ. മുഹമ്മദ് റഷീദ്, സി.വി. കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.