kk-shailaja
കെ.കെ. ശൈലജ

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച 65 കോടി രൂപയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നാടിന് സമർപ്പിച്ചു. കൊവിഡ് രോഗപ്പകർച്ചയും മരണനിരക്കും കുറയ്ക്കുന്നതിനായി ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു.

തൃശൂർ ഗവ. മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പരിശ്രമമാണ് നടത്തുന്നത്. നാല് വർഷം കൊണ്ട് വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നതിനൊപ്പം പഠനവും ഗവേഷണവുമാണ് മെഡിക്കൽ കോളേജിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
താങ്ങാവുന്ന ചെലവിൽ വന്ധ്യതയ്ക്കുള്ള ഐ.വി.എഫ് ചികിത്സ നൽകാൻ കഴിയുന്ന ലാബ് സ്വപ്‌ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, കളക്ടർ എസ്. ഷാനവാസ്, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജുകൃഷ്ണൻ എന്നിവർ സംസാരിച്ചു.