covid

തൃശൂർ : ജില്ലയിൽ സമ്പർക്ക വ്യാപനം മൂലമുളള കൊവിഡ് രോഗികൾ ഗണ്യമായി വർദ്ധിക്കുകയും പുതിയ ക്ലസ്റ്ററുകൾ രൂപം കൊളളുകയും ചെയ്ത സാഹചര്യത്തിൽ, സാമൂഹിക സമ്പർക്കം കുറയ്ക്കാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രതിരോധനടപടികൾക്ക് രൂപം നൽകി.

നിലവിലുള്ള ക്ലസ്റ്ററുകളിൽ നിന്ന് കൂടുതൽ രോഗികൾ ഉണ്ടാകുന്നതും ക്ലസ്റ്ററുകളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ഡെങ്കിപ്പനി ഉൾപ്പെടെയുളള മറ്റ് രോഗവ്യപാന സാദ്ധ്യതകൾ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. മഴമൂലമുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കും. മഴക്കാല പ്രശ്‌നങ്ങൾ നേരിടുന്നതിനായി തൃശൂർ നഗരസഭ പ്രത്യേക ടീമിന് രൂപം നൽകും.
കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയർ അജിത ജയരാജൻ, സബ് കളക്ടർ അഫ്‌സാന പർവ്വീൺ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

യോഗതീരുമാനങ്ങൾ
കോവിഡ് രോഗികളുടെ ബന്ധുക്കളും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരും പൊതുയിടങ്ങളിൽ ഇടപഴകുന്നത് കർശനമായി നിയന്ത്രിക്കും.

സാധനങ്ങൾ എത്തിച്ചു നൽകുന്നതിന് വാർഡ് തലത്തിലുളള റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ സജ്ജരാക്കും

ശക്തൻ മാർക്കറ്റിൽ കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായ മുഴുവൻ പേരുടെയും ആന്റിജൻ പരിശോധന പൂർത്തിയാക്കും

മത്സ്യമാർക്കറ്റുകളിലെ നിയന്ത്രണം മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി

വഴിയോരങ്ങളിൽ മത്സ്യവാഹനങ്ങൾ നിറുത്തിയിടുന്നതും വിൽപ്പന നടത്തുന്നതും അനുവദിക്കില്ല

മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കുന്നതിനായി സി.എഫ്.എൽ.ടി.സികളെ ഉപയോഗപ്പെടുത്തും

രോഗലക്ഷണങ്ങളിലാത്ത രോഗികളെ സി.എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിക്കും

ആയുർവേദ, ഹോമിയോ വിഭാഗങ്ങളെ കൂടി ഉപയോഗപ്പെടുത്തി ജീവനക്കാരുടെ കോമൺപൂൾ തയ്യാറാക്കും.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്ന രോഗികൾക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് സജ്ജമാക്കും