മാള: മാള പഞ്ചായത്തിലെ പ്രാഥമിക സമ്പർക്കത്തിലുള്ള 59 പേർക്ക് നടത്തിയ ആൻ്റിജൻ പരിശോധനയിൽ രണ്ട് പേരുടെ ഫലം പോസിറ്റീവായി. മാളയിലെ കൊവിഡ് പോസിറ്റീവ് ബാധിതരുമായി അടുത്ത ബന്ധമുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഒരു വീട്ടിലെ രണ്ട് സ്ത്രീകൾക്കാണ് ആൻ്റിജൻ പരിശോധനയിൽ വൈറസ് കണ്ടെത്തിയത്.
ഇപ്പോൾ പോസിറ്റീവ് ആയവരെ തുടർ സ്രവ പരിശോധന നടത്തും. ഇനി രണ്ട് ദിവസം കൂടി ആൻ്റിജൻ പരിശോധന തുടരും. പോസിറ്റീവ് ആയ രണ്ട് പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെയാണ് പരിശോധന നടത്തുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ സി.എ. വേണുവിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരുടെയും പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കിയത്.
150 ഓളം പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. മാള പഞ്ചായത്ത് പ്രദേശം കണ്ടെയ്ൻമെൻ്റ് മേഖലയായി മാറ്റിയതിന് ശേഷം ചെറു റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ നടത്തുന്ന ആൻ്റിജൻ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയ്ൻമെൻ്റ് മേഖലകളുടെ കാര്യത്തിൽ അടുത്ത തീരുമാനങ്ങൾ എടുക്കുക. ആദ്യ ദിവസത്തിൽ കണ്ടെത്തിയ രണ്ട് പേരുടെ സമ്പർക്കങ്ങൾ ആരോഗ്യ വകുപ്പ് അന്വേഷിക്കും.