covid-19

ഇരിങ്ങാലക്കുട മേഖലയിൽ രോഗികളുടെ എണ്ണം 200ലേക്ക്


തൃശൂർ: ട്രിപ്പിൾ ലോക് ഡൗൺ, കണ്ടെയ്‌മെന്റ് സോണുകൾ തുടങ്ങി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ജില്ലയിൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച മേഖലകളിൽ രോഗ വ്യാപനം ഏറുന്നതിൽ ആശങ്ക. ജില്ലയിൽ ഇരിങ്ങാലക്കുട മേഖലയാണ് അതിവ്യാപനത്തിന്റെ പിടിയിലായിട്ടുള്ള പ്രധാന ക്ലസ്റ്റർ. രണ്ട് സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് പിടിപെട്ട രോഗം പ്രദേശത്തെ മുഴുവൻ ഭീതിയിലാക്കുകയാണ്.

കെ.എസ്.ഇ(കാലിത്തീറ്റ), കെ.എൽ.എഫ്(വെളിച്ചെണ്ണ) എന്നിവ കേന്ദ്രീകരിച്ചാണ് രോഗം പടർന്ന് പിടിക്കുന്നത്. ഇത് തടയാൻ ഇരിങ്ങാലക്കുടയിലും തൊട്ടടുത്ത പഞ്ചായത്തായ മുരിയാടും ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും പോസിറ്റീവ് കേസുകൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കെ.എസ്.ഇയിൽ ജോലിക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ എതാനും പേർക്ക് പകർന്ന രോഗം മറ്റ് ജീവനക്കാരിലേക്കും പുറത്തേക്കും വ്യാപിക്കുകയായിരുന്നു. കെ.എസ്.ഇ ക്ലസ്റ്ററിൽ മാത്രം നൂറിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗവ്യാപനം തടയാൻ ക്ലസ്റ്ററുകളായി തിരിച്ച മേഖലകളിൽ എല്ലാ ദിവസവും നിരവധി പേരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിൽ ഉറവിടമില്ലാത്ത കേസുകളും വരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
ജില്ലയിലെ പ്രധാന ക്ലസ്റ്ററുകളായ കുന്നംകുളം, ഇരിങ്ങാലക്കുട, പട്ടാമ്പി, കെ.എസ്.ഇ, കെ.എൽ.എഫ്, ബി.എസ്.എഫ്, തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിലാണ് രോഗവ്യാപനം ഏറുന്നത്. പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന പട്ടാമ്പി ക്ലസ്റ്ററിൽ ഉൾപ്പെടുന്ന ജില്ലയിലെ വടക്കൻ മേഖലയും രോഗവ്യാപന ഭീഷണിയിലാണ്. മീൻവിൽപ്പനക്കാരിൽ നിന്നാണ് ഈ പ്രദേശത്ത് പലർക്കും രോഗം പിടിപ്പെട്ടത്. ഇതോടെ മത്സ്യവ്യാപാരം നിരോധിച്ചെങ്കിലും സമ്പർക്കം ഏറെയായിരുന്നതിനാൽ പലരിലേക്കും രോഗം പകർന്നിട്ടുണ്ട്. നേരത്തെ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സമ്പർക്ക രോഗബാധിതരാണ് ഏറെയും. രോഗികളുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്ത് കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്.

ജില്ലയിലെ ആകെ രോഗികളുടെ എണ്ണം- 1283
സമ്പർക്കം- 487
മരണം- 7
ഉറവിടമില്ലാത്ത കേസ്- 19

രോഗ വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകൾ
കുന്നംകുളം- 70
പട്ടാമ്പി- 19
ചാലക്കുടി- 10
ബി.എസ്.എഫ്- 47


ഇരിങ്ങാലക്കുട മേഖല
കെ.എസ്.ഇ- 112
കെ.എൽ.എഫ്- 30
ജനറൽ ആശുപത്രി ക്ലസ്റ്റർ- 14
നടവരമ്പ്- 11
ഫയർ സ്റ്റേഷൻ- 14