തൃശൂർ: ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നലെ ആറുമാസം പിന്നിട്ടു. കൊവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ജനുവരി 30ന്. രോഗ മുക്തയായി ഫെബ്രുവരി 27ന് ആശുപത്രി വിട്ടു. കൊവിഡ് പ്രതിരോധിച്ചതിന്റെ ആത്മവിശ്വാസവുമായി അവൾ പി.ആർ.ഡിയുടെ ഫേസ് ബുക്ക് പേജിലൂടെ കേരളത്തോട് പറഞ്ഞതിങ്ങനെ.
''ഞാൻ ചൈനയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഇന്ത്യൻ എംബസി വേണ്ട നിർദ്ദേശങ്ങൾ നൽകി. നാട്ടിലെത്തി കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞയുടനെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വിളിച്ച് ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ ബാപ്പയെ എല്ലാ ദിവസവും വിളിച്ച് ആശുപത്രിയിലെ വിവരങ്ങളെല്ലാം അറിയിച്ചിരുന്നു. വളരെ നല്ല ട്രീറ്റ്മെന്റാണ് ലഭിച്ചത്. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ എന്തിനും സഹായകരമായി ഉണ്ടായിരുന്നു. ഇത്രയധികം പേർ എനിക്കുവേണ്ടി പ്രാർത്ഥിക്കാനുണ്ടാകുമെന്ന് കരുതിയില്ല. സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ നല്ലൊരു പരിധി വരെ രോഗം തടയാൻ കഴിയും. യാത്രാവിലക്ക് നീങ്ങിയാൽ ചൈനയിലേക്ക് തിരിച്ചുപോകും''.
ഒരു മണിക്കൂർ വൈകിയിരുന്നെങ്കിൽ...
ജനുവരി 23, തൃശൂർ മതിലകം പുതിയ കാവിലെ റഷീദിന് ഈ ദിനം മറക്കാനാവില്ല. അന്നാണ് മകളും രണ്ട് സഹപാഠികളും വുഹാൻ നഗരം വിട്ടോടിയത്. ചൈനയിൽ ലോക്ക് ഡൗണിന്റെ തലേദിവസം. വുഹാൻ എയർപോർട്ട് ഇതിനകം അടച്ചിരുന്നു. അന്ന് മകൾ വിളിച്ച് അമ്പതിനായിരം രൂപ അയച്ചുകൊടുത്താൽ രാത്രിതന്നെ നാട്ടിലെത്താൻ ടിക്കറ്റെടുക്കാമെന്ന് പറഞ്ഞു. ഉടൻ തുക സംഘടിപ്പിച്ചയച്ചു. ഇന്ത്യയോട് അടുത്തു കിടക്കുന്ന കുൻമിംഗ് എയർപോർട്ടിലെത്താൻ 1600 കിലോമീറ്റർ ബുള്ളറ്റ് ട്രെയിനിൽ യാത്ര. അതിനായി റെയിൽവേ സ്റ്റേഷനിലെത്താൻ ടാക്സിക്ക് നൽകിയത് 2000 യുവാൻ (21,351 രൂപ). എയർപോർട്ടിലെത്താൻ ഒരു മണിക്കൂർ വൈകിയിരുന്നെങ്കിൽ മകൾക്ക് നാട്ടിലെത്താൻ കഴിയുമായിരുന്നില്ല.
24ന് പുലർച്ചെ കൊൽക്കത്തയിലെത്തി. അവിടെ നിന്ന് നെടുമ്പാശ്ശേരിയിലെത്തുമ്പോൾ രാവിലെ ഏഴ് മണി. വീട്ടിലുള്ള കുട്ടികളെയും മറ്റുള്ളവരെയും മാറ്റാൻ മകൾ നേരത്തെ പറഞ്ഞിരുന്നു. 25ന് രാവിലെ ആരോഗ്യ കേന്ദ്രത്തിൽ പോയി റിപ്പോർട്ട് ചെയ്തു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. 27ന് രാവിലെ ശ്വാസതടസം അനുഭവപ്പെട്ടു. ആശുപത്രിയിൽ അറിയിച്ചപ്പോൾ ആംബുലൻസെത്തി ഐസൊലേഷനിലായി. 30ന് രോഗം സ്ഥിരീകരിച്ചു.
ആരോഗ്യ വകുപ്പിന്റെ മേന്മയറിഞ്ഞ ദിനങ്ങളായിരുന്നു അത്. ''12 തവണ രക്തം പരിശോധിച്ചു. രണ്ട് തവണ തുടർച്ചയായി നെഗറ്റീവായപ്പോഴാണ് ഡിസ്ചാർജ് ചെയ്തത്. കളക്ടർ ഷാനവാസിന്റെ നേതൃത്വത്തിൽ വൈഫൈ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭിച്ചു. മകൾ ആശുപത്രി വിടുമ്പോൾ ഇന്ത്യയിൽ ഒരു കൊവിഡ് കേസ് പോലുമുണ്ടായിരുന്നില്ല.''- റഷീദ് പറഞ്ഞു.
വുഹാനിലെ മെഡിക്കൽ കോളേജിൽ നാലാം വർഷ വിദ്യാർത്ഥിനിയായ മകൾ ഇപ്പോൾ മരുമകളുടെ ചാവക്കാട്ടെ വീട്ടിലിരുന്ന് ഓൺ ലൈൻ പഠനം തുടരുകയാണ്.