തൃശൂർ: കാലവർഷം കനത്തതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ബുധനാഴ്ച രാവിലെ മുതൽ പെയ്ത മഴയെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തൃശൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കനത്ത മഴയിൽ പുറത്തിറങ്ങാനാകാതെ ജനങ്ങൾ വലഞ്ഞു. പുലർച്ചെ ആരംഭിച്ച മഴ രാവിലെ ഒമ്പതിന് ശേഷം ശക്തിയാർജിച്ചു.
കനത്ത മഴയിൽ നഗരത്തിലെ കാനകളിൽ വെള്ളം നിറഞ്ഞ് റോഡിൽ പരന്നതോടെ പലയിടത്തും റോഡുകൾ തടസ്സപ്പെട്ടു. സ്വരാജ് റൗണ്ട്, ശക്തൻ നഗർ, ടി.ബി റോഡ്, ഇക്കണ്ടവാര്യർ റോഡ്, വെളിയന്നൂർ, ചെമ്പൂക്കാവ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ശക്തമായി. രാവിലെ മണികണ്ഠനാലിന് സമീപമുള്ള പ്ലാവിന്റെ കൊമ്പ് സ്വരാജ് റൗണ്ടിലേക്ക് ഒടിഞ്ഞു വീണത് കുറച്ചു സമയം ഗതാഗത തടസ്സത്തിനിടയാക്കി.
അഗ്‌നിശമന സേനയെത്തി മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്തമഴയിൽ മണ്ണുത്തി ബൈപാസ് വെള്ളത്തിൽ മുങ്ങി. ആറുവരിപാതയിൽ മേൽപ്പാലത്തിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് വെള്ളം താഴേക്ക് ഒഴുകുന്നതും സ്ഥിതി രൂക്ഷമാക്കി. ഉച്ചയോടെ മഴയ്ക്ക് ശക്തി കുറഞ്ഞതോടെ ഭൂരിഭാഗം പ്രദേശത്തേയും വെള്ളക്കെട്ടിന് പരിഹാരമായി.